ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജ ക്യാരിബാഗുകളുടെ വിതരണം കണ്ണൂർ ജില്ലയിൽ വ്യാപകമാകുന്നതായി കണ്ടെത്തൽ. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ വ്യാജമായി നിർമിച്ച ക്യു.ആർ കോഡുകൾ പതിച്ചാണ് നിലവിൽ വിപണിയിൽ ഇവ വിറ്റഴിക്കുന്നത്.
ഇക്കോ സ്റ്റാർ, ഗ്രീൻ കിങ്, ഇക്കോ വിൻ, ഇക്കോ ക്രൗൺ, ബയോ ഡീഗ്രേഡബിൾ, ഇക്കോ ടെക് തുടങ്ങിയ പേരുകളിലാണ് ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വിപണി കയ്യടക്കുന്നത് എന്ന് തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യക്തമാക്കുന്നു. ജില്ലയിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കഴിഞ്ഞ വർഷം 3,536 പരിശോധനകളാണ് പൂർത്തിയാക്കിയത്.
ഈ വർഷം ഇതുവരെയായി 3,160 പരിശോധനകളും നടത്തിയിട്ടുണ്ട്. വ്യാജനും ഒറിജിനലും തിരിച്ചറിയാം ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതും 120 ദിവസം കൊണ്ട് മണ്ണിൽ പൂർണമായും അലിഞ്ഞുചേരുന്നവയുമാണ് യഥാർത്ഥ ബയോ ക്യാരിബാഗുകൾ.
ആദ്യഘട്ടങ്ങളിൽ ഇവയ്ക്ക് കിലോയ്ക്ക് 300 രൂപയിലധികം വിലയുണ്ടായിരുന്നെങ്കിലും ഉൽപാദനം വർധിച്ചതോടെ നിരക്ക് 200 രൂപയിൽ താഴെയായി കുറഞ്ഞു. വൻകിട
വ്യാപാരികൾക്ക് 135 രൂപയ്ക്കു മുകളിലുള്ള നിരക്കിലാണ് ഇവ ലഭ്യമാകുന്നത്. നിയമപ്രകാരമുള്ള ഉൽപാദന വിവരങ്ങൾ ക്യു.ആർ കോഡ് രൂപത്തിൽ രേഖപ്പെടുത്തിയാണ് ഇവ വിപണിയിലെത്തിക്കേണ്ടത്.
എന്നാൽ ഇതിനുപകരം നിരോധിത ക്യാരിബാഗുകളിൽ മറ്റ് കമ്പനികളുടെ ക്യു.ആർ കോഡ് അനുകരിച്ച് പതിച്ചാണ് പുതിയ തട്ടിപ്പ്. ബയോ ക്യാരിബാഗുകളുടെ പുറത്ത് ഇംഗ്ലിഷിലും മലയാളത്തിലും ‘ഞാൻ പ്ലാസ്റ്റിക് അല്ല, ഡൈ ക്ലോറോ ലായനിയിൽ ലയിക്കുന്നതാണ്’ എന്ന് എഴുതിയിരിക്കണം.
ഈ വ്യാജ വിവരങ്ങളും ക്യു.ആർ കോഡുകളും കണ്ട് കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങുന്ന ചെറുകിട വ്യാപാരികളാണ് വലിയ തോതിൽ കബളിപ്പിക്കപ്പെടുന്നത്.
വിപണിയിൽ വ്യാജ ബയോ ക്യാരിബാഗുകളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, തദ്ദേശ സ്ഥാപനങ്ങളിലെ സ്ക്വാഡുകൾക്ക് ഡൈ ക്ലോറോ മീഥൈൻ ഉപയോഗിച്ച് പരിശോധന നടത്താനുള്ള സൗകര്യം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കണ്ണൂർ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം.ധനീഷ് വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ നേരിട്ടെത്തി കടകളിൽ വിൽപന നടത്തുന്നവരിൽ നിന്നും ഇത്തരം കവറുകൾ വാങ്ങുമ്പോൾ ചെറുകിട
വ്യാപാരികൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബയോ ക്യാരിബാഗുകൾ എങ്ങനെ തിരിച്ചറിയാം? ക്യു.ആർ കോഡ് ഉള്ള എല്ലാ കവറുകളും യഥാർത്ഥ ബയോ ക്യാരിബാഗുകൾ ആകണമെന്നില്ല.
ഇത് കൃത്യമായി മനസ്സിലാക്കാനാണ് ഡൈ ക്ലോറോ മീഥൈൻ പരിശോധന നടപ്പിലാക്കുന്നത്. ബാഗിന്റെ ഒരു ചെറിയ കഷണം എടുത്ത് ഈ ലായനിയിൽ നിക്ഷേപിച്ചാൽ അത് പൂർണമായി അലിഞ്ഞുപോകും.
എന്നാൽ പ്ലാസ്റ്റിക് ഇതിൽ ലയിക്കില്ല. തദ്ദേശ വകുപ്പ് ജില്ലാ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആകെ 35 ബ്രാൻഡുകളിൽ 12ൽ താഴെ ബ്രാൻഡുകൾ മാത്രമാണ് ഈ ലായനി ടെസ്റ്റിൽ വിജയിച്ചിട്ടുള്ളത്.
വ്യാപാരികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
∙ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മാത്രം ബയോ ക്യാരിബാഗുകൾ വാങ്ങുക.
∙ ഇരുചക്ര വാഹനങ്ങളിൽ കടകളിലെത്തി കുറഞ്ഞ വിലയ്ക്ക് ഇവ വിൽക്കുന്നവരിൽ നിന്നും ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
∙ നിയമവിരുദ്ധമായി ബാഗുകൾ വിൽക്കുന്നവർ പിടിയിലാകാതിരിക്കാൻ ഗൂഗിൾ പേ പോലുള്ള ഓൺലൈൻ ഇടപാടുകൾ അനുവദിക്കില്ല.
∙ കവറിന് പുറത്ത് കസ്റ്റമർ കെയർ നമ്പർ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഉണ്ടെന്ന് വ്യാപാരികൾ ഉറപ്പുവരുത്തേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

