കൊളംബോ: ലങ്കൻ പ്രീമിയർ ലീഗ് ഒത്തുകളി വിവാദത്തിൽ അറസ്റ്റിലായ മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരവും ജാഫ്ന കിംഗ്സ് സഹഉടമയുമായ മൻജോത് കൽറയ്ക്ക് ശ്രീലങ്കൻ കോടതി ജാമ്യം നിഷേധിച്ചു. കേസിൽ കൽറയ്ക്കൊപ്പം പിടിയിലായ മറ്റൊരു ഇന്ത്യൻ പൗരനായ യുവരാജ് പുഷ്പയുടെ ജാമ്യാപേക്ഷയും കൊളംബോ ചീഫ് മജിസ്ട്രേറ്റ് അസംഗ എസ്.
ബോദരഗമ തള്ളിക്കളഞ്ഞു. ഇതേതുടർന്ന് ഇരു പ്രതികളുടെയും റിമാൻഡ് കാലാവധി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.
പ്രതികളുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാണിച്ചാണ് പ്രതിഭാഗം കോടതിയിൽ ജാമ്യം തേടിയത്. എന്നാൽ, കായിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശ്രീലങ്കൻ പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം കേസിൽ നിർണായക അന്വേഷണം നടത്തിവരികയാണെന്ന് വ്യക്തമാക്കി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുകയായിരുന്നു.
ശ്രീലങ്കൻ ദേശീയ താരങ്ങളായ ഭാനുക രാജപക്സ, അവിഷ്ക ഫെർണാണ്ടോ, ദുനിത് വെല്ലാലഗെ എന്നിവർ സമർപ്പിച്ച അഴിമതി പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനുപുറമെ, മറ്റ് രണ്ട് പ്രാദേശിക കളിക്കാർ കൂടി പരാതിക്കാരായി രംഗത്തെത്തിയിട്ടുണ്ട്.
2018-ലെ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിനായി തകർപ്പൻ സെഞ്ചുറി നേടി ശ്രദ്ധ നേടിയ താരമാണ് മൻജോത് കൽറ. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ആയിരുന്നു അന്ന് അണ്ടർ-19 ടീമിനെ നയിച്ചിരുന്നത്.
ജൂലൈ 17-ന് ആരംഭിച്ച അഞ്ച് ഫ്രാഞ്ചൈസികൾ മാറ്റുരയ്ക്കുന്ന ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഓഗസ്റ്റ് 8-നാണ് സമാപിക്കുന്നത്. ടൂർണമെന്റ് പുരോഗമിക്കവേ പൊട്ടിപ്പുറപ്പെട്ട
ഒത്തുകളി വിവാദം ലങ്കൻ ക്രിക്കറ്റ് രംഗത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

