ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ 8 കോച്ചുകളിൽ നിന്ന് 16 കോച്ചുകളായി ഉയർത്താൻ റെയിൽവേ തീരുമാനിച്ച പശ്ചാത്തലത്തിൽ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക കണക്ഷൻ സർവീസ് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഠനവും ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ കഴിയുന്ന മലയാളികളിൽ വലിയൊരു വിഭാഗം തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്.
ഉത്സവകാലങ്ങളിലും ഓണവേളകളിലും നാട്ടിലേക്ക് യാത്ര ചെയ്യാൻ ഇവർ വർഷങ്ങളായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സമയങ്ങളിൽ സ്വകാര്യ ബസുകൾ മൂന്നും നാലും ഇരട്ടി നിരക്ക് ഈടാക്കുന്നതിനൊപ്പം ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയും പതിവാണ്.
ഈ സാഹചര്യത്തിലാണ് ഓണത്തിന് മുൻപ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് സർവീസ് 16 കോച്ചാക്കി ഉയർത്തുമെന്ന പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസമാകുന്നത്. രാവിലെ 09.30 ന് കോട്ടയത്ത് എത്തിച്ചേരുന്ന 56005 പാസഞ്ചർ ട്രെയിനിന്റെ റേക്ക് വൈകിട്ട് 05.20 വരെ പ്ലാറ്റ്ഫോമിൽ വെറുതെ കിടക്കുന്ന സാഹചര്യം നിലവിലുണ്ട്.
രാവിലെ 11.30ന് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് ഒരു സർവീസ് നടത്തിയാൽ, എറണാകുളം ജങ്ഷനിൽ എത്തുന്ന വന്ദേഭാരത് ഉൾപ്പെടെയുള്ള വിവിധ ട്രെയിനുകളിലെ യാത്രക്കാർക്ക് ഇത് വലിയ നേട്ടമാകും. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് എറണാകുളത്തെ ഗതാഗതക്കുരുക്ക് താണ്ടി ജങ്ഷൻ സ്റ്റേഷനിൽ എത്തുമ്പോഴേക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്.
അതിരാവിലെ വീടുകളിൽ നിന്ന് പുറപ്പെടേണ്ടി വരുന്നതിനാൽ വന്ദേഭാരത് നൽകുന്ന സമയലാഭവും ഇതുമൂലം നഷ്ടപ്പെടുന്നു. ശബരിമല മണ്ഡലകാലത്തും ഈ കണക്ഷൻ സർവീസിന് ഏറെ പ്രസക്തിയുണ്ട്.
ഉച്ചയ്ക്ക് 14:20 നാണ് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത്. കോട്ടയത്ത് നിന്നുള്ള പാസഞ്ചർ ഉച്ചയ്ക്ക് 13.30ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരുകയും, ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അവിടെ നിന്ന് തിരികെ പുറപ്പെടുന്ന രീതിയിൽ ക്രമീകരണം നടപ്പിലാക്കിയാൽ അത് ബെംഗളൂരു വന്ദേഭാരതിൽ വന്നിറങ്ങുന്നവർക്ക് ഏറെ ഉപകാരപ്പെടും.
അതോടൊപ്പം എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് ശേഷം ട്രെയിനുകൾ ലഭ്യമല്ലെന്ന യാത്രക്കാരുടെ പരാതിക്കും ഇതുവഴി പരിഹാരമാകും. ഉച്ചയ്ക്ക് 01.55 നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയാൽ പിന്നെ നീണ്ട
ഇടവേളയാണ് എറണാകുളത്തുള്ളത്. ഇത് വൈകുന്നേരങ്ങളിൽ സ്റ്റേഷനുകളിൽ വൻ തിരക്കിന് കാരണമാകുന്നുണ്ട്.
നിലവിൽ വൈകിട്ട് വേണാട് എക്സ്പ്രസിൽ ഇടിച്ചുകയറുക എന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. ബെംഗളൂരുവിൽ നിന്നുള്ള വന്ദേഭാരത് ഉച്ചയ്ക്ക് 01.50 നാണ് എറണാകുളം ജങ്ഷനിൽ എത്തിച്ചേരുന്നത്.
തിരിച്ചുള്ള പാസഞ്ചർ ട്രെയിൻ മൂന്നു മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടാൽ കോട്ടയത്ത് 16.30 ന് എത്തിച്ചേരാൻ സാധിക്കും. ഇത് പതിവുപോലെ വൈകിട്ട് 17:20 ന് 56006 കോട്ടയം – എറണാകുളം പാസഞ്ചറായി സർവീസ് തുടരുന്നതിനും സഹായകരമാകും.
എറണാകുളത്തെ വിവിധ ആശുപത്രികളിലെ ഷിഫ്റ്റ് ഡ്യൂട്ടികൾ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അവസാനിക്കുന്നത്. മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തുന്നവരും മറ്റ് മാർഗങ്ങളില്ലാതെ എറണാകുളം ടൗൺ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട
സ്ഥിതിയാണ് നിലവിലുള്ളത്. റോഡ് മാർഗം കോട്ടയത്ത് എത്താൻ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കും.
എന്നാൽ ട്രെയിൻ മാർഗം വെറും ഒരു മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതിനാൽ രണ്ട് മണിക്കൂറോളം കാത്തിരിക്കാനും യാത്രക്കാർ തയ്യാറാകുന്നുണ്ട്. ബസ് യാത്രാക്കൂലിയുമായി താരതമ്യം ചെയ്യുമ്പോൾ ട്രെയിൻ നിരക്ക് അതിന്റെ പാതിയോളം മാത്രമേ വരുന്നുള്ളൂ എന്നതും റെയിൽവേ യാത്രയ്ക്ക് സ്വീകാര്യത വർധിപ്പിക്കുന്നു.
കാരയ്ക്കൽ – എറണാകുളം എക്സ്പ്രസിന്റെ റേക്ക് ഉപയോഗിച്ചാണ് നിലവിൽ 56005/06 പാസഞ്ചർ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ നിരവധി ട്രെയിനുകൾ എൽഎച്ച്ബി (LHB) വിഭാഗത്തിലേക്ക് മാറ്റുമ്പോൾ ഒഴിവാക്കപ്പെടുന്ന ഐസിഎഫ് (ICF) കോച്ചുകൾ റെയിൽവേ ഡിവിഷൻ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം ആരോപിച്ചു.
ജില്ലയിലൂടെ കടന്നുപോകുന്ന സർവീസുകളിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ കോട്ടയത്ത് നിന്ന് ഒരു പാസഞ്ചർ ട്രെയിൻ എങ്കിലും അനുവദിച്ചാൽ മറ്റ് വണ്ടികളിലെ അനിയന്ത്രിതമായ തിരക്കിന് ചെറിയ തോതിലെങ്കിലും പരിഹാരമാകും.
യാത്രാക്ലേശം പരിഹരിക്കാൻ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് യാത്രക്കാർ ശക്തമായി ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

