ജില്ലയുടെ കായിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച പാലക്കാട് ഇൻഡോർ സ്റ്റേഡിയം പദ്ധതി വർഷങ്ങളായി അപൂർണ്ണമായി തുടരുന്നു. 16 വർഷം മുൻപ് നിർമാണം ആരംഭിച്ച ഈ കെട്ടിടത്തിന് നിലവിൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് ശാസ്ത്രീയമായി പരിശോധിച്ച ശേഷമേ ഇനി നിർമാണ ജോലികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്ന് പദ്ധതിയുടെ ചുമതലയുള്ള കേരള സ്പോർട്സ് ഫൗണ്ടേഷൻ വ്യക്തമാക്കി.
2024ൽ കിഫ്ബി വഴി 14.5 കോടി രൂപ അനുവദിച്ചിട്ടും ഇതുവരെയും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. സ്റ്റേഡിയത്തിന്റെ ഘടനാപരമായ ബലം പരിശോധിക്കുന്നതിനായി വിവിധ ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിക്കേണ്ടതുണ്ട്.
ഈ നടപടിക്രമങ്ങൾ വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. ജില്ലാ കലക്ടർ ചെയർമാനും ടി.ആർ.അജയൻ സെക്രട്ടറിയുമായ സൊസൈറ്റിക്കാണ് നിലവിൽ സ്റ്റേഡിയത്തിന്റെ പരിപാലനച്ചുമതല ഉള്ളത്.
2010 മേയ് 3നാണ് പാലക്കാട് ഗവ.വിക്ടോറിയ കോളജിനു സമീപം 2.44 ഏക്കർ സ്ഥലത്ത് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കക്കമിട്ടത്. എന്നാൽ വിവിധ തടസ്സങ്ങൾ കാരണം പണികൾ പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
പ്രാരംഘഘട്ടത്തിൽ പദ്ധതിക്കായി അന്നത്തെ എംപി എം.ബി.രാജേഷ് 50 ലക്ഷം രൂപയും രാജ്യസഭാംഗം കെ.ഇ.ഇസ്മായിൽ 25 ലക്ഷം രൂപയും ജില്ലയിലെ എംഎൽഎമാർ ചേർന്ന് 65 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കൂടാതെ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും ഇതിനായി വകയിരുത്തി.
നിർമാണത്തിന്റെ 60 ശതമാനം പണികൾ പൂർത്തിയായെങ്കിലും ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പിന്നീട് പദ്ധതി പൂർണ്ണമായി സ്തംഭിക്കുകയായിരുന്നു. അതേസമയം, ഇൻഡോർ സ്റ്റേഡിയത്തിന്റെ തുടർ നിർമാണപ്രവൃത്തികൾ വേഗത്തിലാക്കാൻ ആവശ്യമായ നിർദേശം നൽകുമെന്ന് കായികമന്ത്രി ഒ.ജെ.ജെനീഷ് അറിയിച്ചു.
സ്റ്റേഡിയത്തിന്റെ ബലം പരിശോധിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് സ്റ്റേഡിയം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാസ്കറ്റ്ബോൾ, വോളിബോൾ, ബാഡ്മിന്റൻ, ചെസ്, ബേസ് ബോൾ, സ്ക്വാഷ്, ടേബിൾ ടെന്നിസ്, കബഡി, ഖോഖൊ, നെറ്റ് ബോൾ തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ പരിശീലനവും ടൂർണമെന്റുകളും സംഘടിപ്പിക്കാൻതക്ക വിധത്തിലാണ് സ്റ്റേഡിയത്തിന്റെ രൂപരേഖ തയാറാക്കിയിരുന്നത്. 1,200 പേർക്ക് ഒരേസമയം ഇരുന്നു കളി കാണാനുള്ള ഗാലറി, മൂന്നു നിലകളിലായി 40 കടമുറികൾ, കായികതാരങ്ങൾക്കും പരിശീലകർക്കുമായി 15 താമസമുറികൾ, ഡോർമട്രികൾ, ഓഫീസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ബൃഹത്തായ പദ്ധതിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

