പനമരം മേഖലയിൽ നാളികേര കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതായി പരാതി. ജില്ലയിൽ തെങ്ങുകൃഷി സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
വിവിധ രോഗബാധകളും രൂക്ഷമായ വന്യമൃഗശല്യവുമാണ് ഈ മേഖലയിലെ നാളികേര കൃഷിയെ തകർച്ചയിലേക്ക് നയിക്കുന്നത്. കൂമ്പുചീയൽ രോഗത്തിന് പുറമെ മഞ്ഞളിപ്പ് ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ ബാധിച്ച് ജില്ലയിൽ വ്യാപകമായി തെങ്ങുകൾ ഉണങ്ങി നശിക്കുകയാണ്.
ഒരുകാലത്ത് ചെറിയ കൃഷിയിടങ്ങളിൽ പോലും സമൃദ്ധമായി നിന്നിരുന്ന തെങ്ങുകൾ, ഇന്ന് ഏക്കറുകണക്കിന് നാളികേര കൃഷി നടത്തിയ ഇടങ്ങളിൽപോലും ഇല്ലാത്ത അവസ്ഥയാണ്. രോഗം ബാധിച്ച് കൂമ്പ് നശിച്ചു മണ്ടയില്ലാതെ നിൽക്കുന്ന തെങ്ങുകളാണ് ഗ്രാമപ്രദേശങ്ങളിൽ എങ്ങും കാണാൻ കഴിയുന്നത്.
വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം മൂലം കഴിഞ്ഞ 7 വർഷത്തിനിടെ ആയിരക്കണക്കിന് തെങ്ങുകളാണ് നശിച്ചത്. പാതിരി സൗത്ത് സെക്ഷൻ വനാതിർത്തിയോട് ചേർന്നുള്ള ഭാഗങ്ങളിലാണ് കാട്ടാനകളുടെ ആക്രമണം കാരണം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്.
കാട്ടാനഭയം കാരണം വീടിനോട് ചേർന്നുനിന്നിരുന്ന നല്ല കായ്ഫലമുള്ള തെങ്ങുകൾപോലും വെട്ടിമാറ്റേണ്ടി വന്ന കർഷകരുണ്ട്. പൂതാടി, പനമരം നടവയൽ, അമ്മാനി, പരിയാരം തുടങ്ങിയ പ്രദേശങ്ങളിലെ വലിയ കേര കൃഷിയിടങ്ങളെല്ലാം കാട്ടാനകളുടെ ആക്രമണത്തിൽ തെങ്ങുകളുടെ ശവപ്പറമ്പുകളായി മാറിയിരിക്കുകയാണ്.
ഇതിനുപുറമേ, കഴിഞ്ഞ 5 വർഷത്തിനിടെ മിന്നലേറ്റും നിരവധി തെങ്ങുകൾ നശിച്ചിട്ടുണ്ട്. ഒരു പ്രത്യേക തരം കുമിളാണ് തെങ്ങുകളിൽ കൂമ്പുചീയൽ രോഗത്തിന് കാരണമാകുന്നത്.
കൃത്യസമയത്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, പലപ്പോഴും ഫലപ്രദമായ പരിഹാരം കാണാൻ കഴിയുന്നില്ലെന്നാണ് കർഷകരുടെ പ്രധാന പരാതി. മഴക്കാലത്താണ് കൂമ്പുചീയൽ രോഗം പ്രധാനമായും പടരുന്നത്.
തൈ തെങ്ങുകളെയാണ് ഈ രോഗം പെട്ടെന്ന് ബാധിക്കുന്നത്. നാമ്പിന് തൊട്ടടുത്തുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞനിറമാകുന്നതോടെയാണ് രോഗലക്ഷണങ്ങൾ കണ്ടതുതുടങ്ങുന്നത്.
തുടർന്ന് നാമ്പോല വാടി തൂങ്ങിക്കിടക്കുകയും, നാമ്പിന്റെ മൃദുഭാഗങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. മണ്ട
മുഴുവൻ അഴുകി കൂമ്പ് നശിച്ചുകഴിഞ്ഞാൽ പിന്നെ തെങ്ങിനെ രക്ഷപ്പെടുത്തുക തീർത്തും അസാധ്യമാണ്. ആയതിനാൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയും ആവശ്യമായ പരിപാലന സഹായങ്ങൾ എത്തിച്ചും ജില്ലയിലെ തെങ്ങുകൃഷി സംരക്ഷിക്കാൻ അധികൃതർ തയാറാകണമെന്നാണ് കർഷകരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

