മൂന്നു കോടി രൂപ നൽകിയാൽ മന്ത്രി പദവി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടവരെ, പണം നൽകാം എന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ട് എത്തിച്ചു പിടികൂടാനുള്ള പൊലീസിന്റെ പ്രാരംഭ ശ്രമം തലനാരിഴയ്ക്കാണ് പരാജയപ്പെട്ടത്. പ്രതികളെ വലയിലാക്കാൻ ജൂലൈ 6 മുതൽ 12 വരെയാണ് സിറ്റി പൊലീസ് പ്രത്യേക ഓപ്പറേഷൻ സംഘടിപ്പിച്ചത്.
എന്നാൽ തങ്ങളുടെ നീക്കം മനസ്സിലാക്കിയ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണുണ്ടായത്. എങ്കിലും ബദൽ മാർഗ്ഗങ്ങളിലൂടെ അന്വേഷണം മുന്നോട്ട് നയിച്ച പൊലീസ് സംഘം ഒടുവിൽ പ്രതികളെ പിടികൂടി തങ്ങളുടെ അന്വേഷണ മികവ് ഒരിക്കൽ കൂടി തെളിയിച്ചു.
കഴിഞ്ഞ മാസം 6-ാം തീയതിയാണ് ഗൗരവ് എന്ന പ്രതി എംഎൽഎയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത്. ഈ വിവരം എംഎൽഎ ഉടൻ തന്നെ സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസിന്റെ സൈബർ വിഭാഗവും സിറ്റി പൊലീസ് കമ്മിഷണറും എംഎൽഎയുമായി ചേർന്ന് കൃത്യമായ ഒരു തന്ത്രം രൂപീകരിക്കുകയായിരുന്നു. പണം കോഴിക്കോട്ട് എത്തിച്ചാൽ നൽകാമെന്നായിരുന്നു പ്രതികളോട് ധാരണയാക്കിയത്.
ഇതിന്റെ ഭാഗമായി അഞ്ച് ദിവസത്തോളം പ്രതികളുടെ ഫോൺ കോൺടാക്റ്റുകളും ലൊക്കേഷനും പൊലീസ് കർശന നിരീക്ഷണത്തിലാക്കുകയും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്ന് ജൂലൈ 12-ന് ഔദ്യോഗികമായി കേസ് റജിസ്റ്റർ ചെയ്ത് പ്രതികളെ നേരിട്ട് കുടുക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പൊലീസിന്റെ കരുനീക്കങ്ങളെക്കുറിച്ച് സൈബർ തട്ടിപ്പുകാർ വിവരം അറിഞ്ഞത്.
ഇതേതുടർന്ന് എംഎൽഎയുമായി സംസാരിക്കാൻ ഉപയോഗിച്ച ഫോണും സിം കാർഡും പ്രതികൾ നശിപ്പിച്ചു കളഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ അഞ്ചംഗ പൊലീസ് സംഘം ഡൽഹിയിലേക്ക് തിരിക്കുകയും നാല് ദിവസത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ പ്രതികളിലേക്ക് എത്തുകയും ചെയ്തു.
ഡൽഹി സ്വദേശിയായ ഒരു കൂലിപ്പണിക്കാരന്റേതായി നഷ്ടപ്പെട്ട മൊബൈൽ ഫോൺ മറ്റൊരു ഇടനിലക്കാരനിൽ നിന്നാണ് പ്രതി ഗൗരവ് തട്ടിപ്പിനായി സ്വന്തമാക്കിയത്.
പിന്നീട് കൂട്ടുപ്രതിയായ നിധിൻ കുമാർ മറ്റൊരു ഫോൺ വാങ്ങി അതിൽ ഈ സിം കാർഡ് ഉപയോഗിച്ചാണ് എംഎൽഎയെ വിളിച്ചിരുന്നത്. തങ്ങൾ നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ പ്രതികൾ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി അത് കുഴിച്ചിടുകയുമായിരുന്നു.
എങ്കിലും പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിൽ ഈ ഫോൺ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

