പഞ്ചാബിൽ മത്സരപ്പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുണ്ടെന്ന പ്രതിപക്ഷ പാർട്ടികളുടെ കടുത്ത ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രംഗത്ത്. കഴിഞ്ഞ നാലര വർഷത്തിനിടെ സംസ്ഥാനത്ത് ഒരൊറ്റ പരീക്ഷയുടെ പോലും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു.
ഇതിന് പിന്നാലെ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം, നീറ്റ് ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്കറോച്ച് ജനതാ പാർട്ടി ഭാവി രാഷ്ട്രീയ – പ്രക്ഷോഭ തന്ത്രങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു.
ദേശീയ തലത്തിലെ വിജയത്തിന് ശേഷം പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ചോദ്യപേപ്പർ ചോർച്ച വിഷയത്തിലാണ് സി.ജെ.പി ഇടപെടാൻ ഒരുങ്ങുന്നത്. പഞ്ചാബിലെ സംഭവവികാസങ്ങളിൽ ശക്തമായി ഇടപെടുമെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി.
ജന്തർ മന്തറിലെ നീറ്റ് വിരുദ്ധ സമരം വിജയകരമായി സമാപിച്ചതിന് ശേഷം സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഫാർമസി ഓഫീസർ നിയമന പരീക്ഷ ഉൾപ്പെടെ പഞ്ചാബിൽ അടുത്തിടെ നടന്ന വിവിധ പരീക്ഷകളിൽ വലിയ രീതിയിൽ ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നിരുന്നു.
ഈ വിഷയത്തിൽ ചർച്ചകളും ആസൂത്രണങ്ങളും നടന്നുവരികയാണെന്നും സംഘടനയുടെ ഔദ്യോഗിക നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു സംഭവവികാസത്തിൽ, ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു.
മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു. വളരെ ഉത്തരവാദിത്തമുള്ള വകുപ്പാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ഭാവി പ്രവർത്തനങ്ങളെയും നയങ്ങളെയും കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ നടത്തിവരികയാണെന്നും പുതിയ മന്ത്രി അറിയിച്ചു. നീറ്റ് ക്രമക്കേടുകൾക്കെതിരായ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.
തുടർന്ന് രാത്രിയോടെ കർണാടകയിൽ നിന്നുള്ള മന്ത്രിയായ പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

