മുംബൈ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ മറന്നുവെച്ച മൊബൈൽ ഫോൺ അപരിചിതരായ മൂന്ന് പേരുടെ സഹായത്തോടെ സുരക്ഷിതമായി ഉടമയ്ക്ക് തിരികെ ലഭിച്ചു. മുംബൈ നഗരത്തിന്റെ സഹായ മനസ്കതയെയും മാനവികതയെയും കുറിച്ച് യാത്രക്കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ച മനോഹരമായ അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ജെവിഎൽആർ മെട്രോ സ്റ്റേഷനിൽ നിന്ന് സിഎസ്എംടിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. എഴുപതുകളിലുള്ള വൃദ്ധ സിഖ് ദമ്പതികൾ ഇദ്ദേഹത്തിന് സമീപത്ത് ഇരിക്കുകയും, നാഷണൽ സെന്റർ ഫോർ ദ പെർഫോമിംഗ് ആർട്സിലേക്ക് പോകാനായി ഇറങ്ങേണ്ട
അടുത്തുള്ള സ്റ്റേഷൻ ഏതാണെന്ന് ചോദിച്ചു. ഈ സംഭാഷണം പിന്നീട് മെട്രോയെക്കുറിച്ചും മുംബൈയെക്കുറിച്ചുമുള്ള ഊഷ്മളമായ ഒരു സൗഹൃദ ചർച്ചയായി മാറി.
എന്നിരുന്നാലും, ലക്ഷ്യസ്ഥാനത്ത് ട്രെയിൻ ഇറങ്ങിയ ശേഷമാണ് തന്റെ ഫോൺ മെട്രോയിൽ മറന്നുവെച്ച കാര്യം യാത്രക്കാരൻ തിരിച്ചറിയുന്നത്. തുടർന്ന് പരിഭ്രാന്തനായ അദ്ദേഹം, മറ്റൊരാളുടെ ഫോൺ വാങ്ങി സ്വന്തം നമ്പറിലേക്ക് വിളിച്ചു.
ഫോൺ എടുത്തത് ട്രെയിനിൽ വെച്ച് പരിചയപ്പെട്ട അതേ സിഖ് ദമ്പതികൾ.
“നിങ്ങൾ വിധാൻ ഭവൻ മെട്രോ സ്റ്റേഷനിലേക്ക് വരൂ, ഞങ്ങൾ അവിടെ ഫോണുമായി കാത്തിരിക്കാം” എന്ന് അവർ അദ്ദേഹത്തിന് ഉറപ്പ് നൽകി. വിധാൻ ഭവൻ സ്റ്റേഷനിൽ എത്തിയ യാത്രക്കാരൻ, അവിടെയുണ്ടായിരുന്ന ഒരു സിആർപിഎഫ് ജവാന്റെ ഫോൺ വാങ്ങി ദമ്പതികളെ വീണ്ടും ബന്ധപ്പെട്ടു.
അദ്ദേഹത്തിന് വലിയ ആശ്വാസമേകിക്കൊണ്ട് ഫോണുമായി ആ വൃദ്ധ ദമ്പതികൾ അവിടെത്തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. “ഒരു സിഖ് ദമ്പതികൾ ഫോൺ സൂക്ഷിച്ചു, ഫോൺ വിളിക്കാൻ തന്ന് സഹായിച്ചത് ഒരു മുസ്ലിം യുവാവായിരുന്നു, അവരെ വീണ്ടും ബന്ധപ്പെടാൻ സഹായിച്ചത് ഒരു സിആർപിഎഫ് ജവാനും.
വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള മൂന്ന് മനുഷ്യർ ഒരൊറ്റ മാനവികതയ്ക്കായി ഒന്നിച്ചു,” എന്ന് അദ്ദേഹം കുറിപ്പിൽ വൈകാരികമായി കുറിച്ചു. മുംബൈ നഗരത്തിന്റെ നന്മ വിളിച്ചോതുന്ന ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് സമാന അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയത്.
വഴിയിൽ നഷ്ടപ്പെട്ട ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഗരത്തിലെ അപരിചിതരിൽ നിന്നും പോലീസിൽ നിന്നും കൃത്യമായി തിരികെ ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ച് പോസ്റ്റ് കൂടുതൽ ശ്രദ്ധേയമാക്കുകയാണ് നെറ്റിസൺസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

