പൊലീസ് പരിശോധന നിലച്ചതോടെ മൂന്നാർ ടൗണിൽ അനധികൃത പാർക്കിങ് വ്യാപകമാകുന്നു. ടൗണിന്റെ ഇരുവശങ്ങൾക്കു പുറമെ മാട്ടുപ്പെട്ടി റോഡ്, ജിഎച്ച് റോഡ്, കാർഗിൽ റോഡ് തുടങ്ങിയ തിരക്കേറിയ പാതകളിലാണ് ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും നിയമം ലംഘിച്ച് നിർത്തിയിടുന്നത്.
എസ്റ്റേറ്റുകളിൽ നിന്നും മറ്റും ദിവസേന ജോലിക്കായി ടൗണിലെത്തുന്നവർ രാവിലെയെത്തിക്കുന്ന ഓട്ടോറിക്ഷകൾ ജിഎച്ച് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റോഡരികിൽ തന്നെ ഒതുക്കിയിടുകയാണ്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതുവരെ ഈ വാഹനങ്ങൾ ഇവിടെത്തന്നെ കിടക്കുന്നത് മൂന്നാറിൽ വലിയ ഗതാഗതക്കുരുക്കിനാണ് വഴിവെക്കുന്നത്.
ഇതിനുപുറമെ നടപ്പാതകളിലും പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിലും ഇരുചക്രവാഹനങ്ങൾ തടസ്സമായി പാർക്ക് ചെയ്യുന്ന പ്രവണതയും കൂടിയിട്ടുണ്ട്. 2 വർഷം മുൻപ് ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുകയും നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എങ്കിലും, കഴിഞ്ഞ 2 മാസമായി ട്രാഫിക് പൊലീസ് യൂണിറ്റിൽ പിഴ ചുമത്താൻ അധികാരമുള്ള എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമല്ലാതായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഈ നിയമലംഘനങ്ങൾക്ക് മുന്നിലൂടെ പതിവായി യാത്ര ചെയ്യുന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

