ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി പാഴ് വസ്തുക്കളിൽ നിന്ന് ബഹിരാകാശം പുനർസൃഷ്ടിച്ച് വിദ്യാർത്ഥികൾ. തൊളിക്കോട് പനയ്ക്കോട് വി.കെ.
കാണി ഗവ. ഹൈസ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരാണ് വിസ്മയകരമായ ഈ മാതൃക ഒരുക്കിയത്.
സ്കൂളിലെ സയൻസ്– സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ‘വേസ്റ്റ് ടു സ്പേസ്’ എന്ന പേരിൽ വിപുലമായ പ്രദർശനം സംഘടിപ്പിച്ചത്. അടുക്കളകളിൽ നിന്ൻ ഒഴിവാക്കുന്ന അലുമിനിയം ഫോയിലുകൾ, ടിഷ്യൂ പേപ്പർ റോളുകൾ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ, കാലിയായ മരുന്ന് പെട്ടികൾ, പഴയ സിഡികൾ തുടങ്ങി സാധാരണയായി ചവറ്റുകുട്ടയിലേക്ക് പോകുന്ന വസ്തുക്കളാണ് കുട്ടികളുടെ സർഗാത്മകതയിലൂടെ ബഹിരാകാശ ദൃശ്യങ്ങളായി മാറിയത്.
രാജ്യത്തിന്റെ അഭിമാനകരമായ ചാന്ദ്ര ദൗത്യത്തിലെ ‘വിക്രം’ ലാൻഡറും ‘പ്രഗ്യാൻ’ റോവറും കാർഡ് ബോർഡിലും ഫോയിലിലുമായി അതേ തനിമയോടെ കുട്ടികൾ പുനർജനപ്പിച്ചു. പ്ലാസ്റ്റിക് കുപ്പികളും റോളുകളും ഉപയോഗിച്ച് നിർമ്മിച്ച പിഎസ്എൽവി– ജിഎസ്എൽവി റോക്കറ്റുകൾ, പ്രകാശത്തിൽ മിന്നിത്തിളങ്ങിയ സിഡി സാറ്റലൈറ്റുകൾ, മുട്ടപ്പെട്ടി ഉപയോഗിച്ച് യാഥാർത്ഥ്യബോധത്തോടെ തയ്യാറാക്കിയ ചന്ദ്രനിലെ ഗർത്തങ്ങൾ എന്നിവ പ്രദർശനത്തെ ഏറെ ആകർഷകമാക്കി.
പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവും ശാസ്ത്രീയ അവബോധവും ഒരുപോലെ മുൻനിർത്തിയാണ് ഈ വ്യത്യസ്ത പ്രദർശനം ഒരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

