ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സഖ്യസാധ്യത തേടി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്ത്. സംസ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തിൽ വരുന്നത് തടയുക ലക്ഷ്യമിട്ട് സമാജ്വാദി പാർട്ടിയുമായി കൈകോർക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
മൊറാദാബാദിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഉത്തർപ്രദേശിൽ വീണ്ടും ബിജെപി സർക്കാർ രൂപീകരിക്കാൻ താൽപര്യമില്ല.
കൈകോർക്കാൻ ഞാൻ തയ്യാറാണ്. സഖ്യമുണ്ടാക്കാൻ ഞാൻ തയ്യാറാണ്.
ഇന്ന് ചർച്ച നടത്തേണ്ട സമയമാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം പിന്നീട് ഇരുന്ന് കരയരുത്” എന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോടാണ് ഒവൈസി ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
“ഒവൈസി മത്സരിക്കുന്നത് ഞങ്ങൾക്ക് ദോഷം ചെയ്യുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങളോടൊപ്പം ചേർന്ന് പോരാടാൻ ഞാൻ തയ്യാറാണ്.
ഞങ്ങളുടെ പോരാട്ടം ഞങ്ങളുടെ അന്തസ്സിനും നീതിക്കും വേണ്ടിയാണ്. ഞങ്ങൾക്ക് ഒരു പായയിൽ ഇരിക്കാൻ താൽപര്യമില്ല.
ഞങ്ങൾക്ക് സമത്വമാണ് വേണ്ടത്. അഖിലേഷ് ആ കസേരയ്ക്ക് മുന്നിൽ ഇരിക്കുകയാണെങ്കിൽ, ഒവൈസി ആ കസേരയ്ക്ക് മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കും” എന്നും ഹൈദരാബാദ് എംപിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒവൈസിയുടെ ഈ വാഗ്ദാനത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമർശനവുമായി രംഗത്തെത്തി. അഖിലേഷ് യാദവിന് ഒവൈസി ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
പ്രീണന രാഷ്ട്രീയത്തിൽ അഖിലേഷും ഒവൈസിയും തമ്മിൽ മത്സരമാണെന്നും, ആരാണ് കൂടുതൽ പ്രീണനം നടത്തുന്നതെന്ന മത്സരം മാറ്റിവെച്ച് കൂട്ടുകെട്ടുണ്ടാക്കാം എന്നാണ് ഇരുവരും പറയുന്നതെന്നും പൂനവാല ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

