പച്ചക്കറിയിലും പഴവർഗങ്ങളിലും അടങ്ങിയിരിക്കുന്ന കീടനാശിനികളുടെ സാന്നിധ്യം സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ വച്ചുതന്നെ പരിശോധിച്ച് വേഗത്തിൽ ഫലം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് കൃഷിവകുപ്പ് തുടക്കമിട്ടു. ഭക്ഷ്യവസ്തുക്കളിലെ വിഷാംശം അനുവദനീയമായ പരിധിക്കുമപ്പുറമാണെന്ന് കണ്ടെത്തിയാൽ, അത്തരം ലോഡുകൾ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ അതിർത്തിയിൽ തന്നെ തിരിച്ചയക്കുന്നതിനുള്ള കർശന നടപടികളാണ് അധികൃതരുടെ പരിഗണനയിലുള്ളത്.
നിലവിൽ കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനി സാന്നിധ്യം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ അതിർത്തികളിൽ ലഭ്യമല്ല. അതിനാൽ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ എത്തിയതിനുശേഷമാണ് നിലവിൽ ലബോറട്ടറികളിൽ പരിശോധന നടക്കുന്നത്.
ഇതിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. എന്നാൽ വിപണിയിൽ എത്തിയ ശേഷം വിഷാംശം കണ്ടെത്തുന്നത് ഒഴിവാക്കി, അപകടകരമായ ലോഡുകൾ സംസ്ഥാനാതിർത്തി കടക്കുന്നതിന് മുൻപ് തന്നെ തടയുകയാണ് പുതിയ പദ്ധതിയിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
കീടനാശിനി പരിശോധനയ്ക്കുള്ള നൂതന സാങ്കേതിക സാധ്യതകളും കൃത്യമായ പരിശോധനാ രീതികളും ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രമായ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ കാർഷിക സർവകലാശാല അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി. അതിർത്തി ചെക്ക് പോസ്റ്റുകളിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മൊബൈൽ ലബോറട്ടറികൾ സജ്ജമാക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

