സമരങ്ങൾക്കുനേരെ പൊലീസ് ജലപ്രയോഗം നടത്തുന്നതിന് ജില്ലയിൽ തൽക്കാലത്തേക്ക് വിരാമം. സിറ്റി പൊലീസിന്റെ കൈവശമുള്ള ‘വരുൺ’ ജലപീരങ്കി എസ്എഫ്ഐ പ്രവർത്തകരാണ് തകരാറിലാക്കിയത്.
ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഹെഡ് പോസ്റ്റ്ഓഫിസ് മാർച്ചിനിടെയായിരുന്നു സംഭവം. മാർച്ചിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ വരുണിന്റെ മുകളിൽ കയറി വെള്ളം ചീറ്റുന്ന പൈപ്പ് (ഗൺ) തിരിച്ചുപിടിച്ച് തകരാറിലാക്കുകയായിരുന്നു.
ഈ തകരാർ പരിഹരിക്കണമെങ്കിൽ കൊല്ലത്തുനിന്ന് വിദഗ്ധർ എത്തേണ്ടതുണ്ട്. ഇതിനായുള്ള ഫയൽ നടപടികൾ പൂർത്തിയായി ആളെത്തി അറ്റകുറ്റപ്പണികൾ തീർക്കുമ്പോഴേക്കും നിലവിലെ പല സമരങ്ങളും അവസാനിക്കും.
കഴിഞ്ഞ ദിവസം നടന്ന എഐഎസ്എഫ് മാർച്ചിനെ പ്രതിരോധിക്കാൻ പൊലീസ് എത്തിയത് വരുണിന്റെ സഹായമില്ലാതെയാണ്. വരുണിന്റെ പൈപ്പ് പൊലീസ് നിൽക്കുന്ന ഭാഗത്തേക്ക് സമരക്കാർ ബലപ്രയോഗത്തിലൂടെ തിരിച്ചതാണ് കേടുപാടുകൾക്ക് കാരണം.
ഇത്തരത്തിൽ വാഹനം തകരാറിലാക്കപ്പെടുന്നത് ആദ്യമായാണ്. വരുൺ തകരാറിലാക്കിയ എസ്എഫ്ഐ പ്രവർത്തകരെ കണ്ടെത്താൻ സമരത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രതികളെ തിരിച്ചറിഞ്ഞാൽ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തേക്കും. പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വരുണിന് മിനിറ്റിൽ 2000 ലീറ്റർ മുതൽ 10,000 ലീറ്റർ വരെ വെള്ളം ചീറ്റാനുള്ള ശേഷിയുണ്ട്.
ലക്ഷ്യം തെറ്റാതെ 50 മീറ്റർ ദൂരത്തേക്ക് വരെ ഇതിലൂടെ വെള്ളം വർഷിക്കാൻ സാധിക്കും. ശരാശരി ശക്തിയിൽ വെള്ളം ചീറ്റിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ വാട്ടർ ടാങ്ക് കാലിയാകും.
സമരക്കാർ അത്രയും സമയം പിടിച്ചുനിൽക്കില്ല എന്നതാണ് ഈ പ്രതിരോധ മാർഗത്തിന്റെ വിജയം. പ്രക്ഷോഭകാരികളുടെ തലയ്ക്കു താഴേക്കു മാത്രമേ പീരങ്കി പ്രയോഗിക്കാവൂ എന്നാണ് ചട്ടമെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.
വെള്ളം ചീറ്റിയിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ലെങ്കിൽ മാത്രമാണ് പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുന്നത്. ലാത്തിയടിയേക്കാൾ വലിയ ഭയമാണ് സമരക്കാർക്ക് ജലപീരങ്കിയോടുള്ളത്.
സൈറൺ മുഴങ്ങുമ്പോഴേ അപകടം തിരിച്ചറിഞ്ഞ് പലരും ചെവിയിൽ വിരൽ കയറ്റാറുണ്ട്. വെള്ളം കയറി ഇയർ ബാലൻസ് തെറ്റാതിരിക്കാൻ പഞ്ഞി തിരുകി എത്തുന്നവരും കുറവല്ല.
ജലപ്രവാഹത്തിന്റെ ആഘാതത്തിൽ തെറിച്ചുവീണ് പരുക്കേറ്റവരും നിരവധിയാണ്. ഒറ്റയ്ക്കു നിന്നാൽ ദൂരേക്ക് തെറിച്ചുപോകുമെന്നതിനാൽ പ്രതിഷേധക്കാർ പരസ്പരം കൈകോർത്തുപിടിച്ചാണ് ഇതിനെ പ്രതിരോധിക്കാറുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

