കൊച്ചി: വിവാദമായ സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ ടി ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഈയാഴ്ച തന്നെ കണ്ടുകെട്ടിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട
നടപടികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി. മരവിപ്പിച്ച സ്വത്തുക്കളുടെ വിശദാംശങ്ങൾ അടങ്ങിയ വിവരങ്ങൾ ഇഡി ഇതിനോടകം അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്.
കേസിന്റെ ഭാഗമായി സിഎംആർഎൽ എംഡി എൻ. ശശിധരൻ കർത്തയുടെയും ബന്ധുക്കളുടെയും 29 കോടി രൂപയും, വീണ ടിയുടെ 17 ലക്ഷത്തോളം രൂപയും ഇതിനകം മരവിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ വീണ ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം, കേസിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് നിർണായകമായ കൂടുതൽ തെളിവുകൾ ലഭിച്ചതായി ഇഡിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചരക്കുനീക്കത്തിന്റെ ചെലവെന്ന വ്യാജേന ട്രാൻസ്പോർട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും, പിന്നീട് ഈ തുക പിൻവലിച്ച് സിഎംആർഎൽ ലെ ഉന്നത ഉദ്യോഗസ്ഥർക്ക് തന്നെ തിരികെ നൽകുകയുമാണ് ചെയ്തിരുന്നത്. ഈ കൃത്രിമത്തിന് സഹായിക്കുന്ന ട്രാൻസ്പോർട്ടർമാർക്ക് 7 ശതമാനം കമ്മീഷനാണ് ലഭിച്ചിരുന്നത്.
ഈ ഇടപാടുകാരിൽ ചിലരെ ചോദ്യം ചെയ്തതിലൂടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. കൂടാതെ, 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇൻവോയിസ് ഇല്ലാതെ വീണ ടി ഏകദേശം 45 ലക്ഷത്തോളം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന മേൽവിലാസത്തിലാണ് ഈ തുക കൈപ്പറ്റിയതെന്നും, ഇതിലൂടെ എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷം രൂപ വീതം ലഭിച്ചിരുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വീണയ്ക്ക് പങ്കാളിത്തമുള്ള ലേക് ഇന്ത്യ കോർപ്പറേഷൻ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചും വരും ദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കും.
സിഎംആർഎൽ കടുത്ത സാമ്പത്തിക നഷ്ടത്തിലായിരുന്നിട്ടും, പൊതുഓഹരിയുടമകൾക്ക് ലാഭവിഹിതം (ഡിവിഡൻഡ്) നൽകാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലും എൻ. ശശിധരൻ കർത്ത, ശരൺ എസ്.
കർത്ത, അനിൽ ആനന്ദ് പണിക്കർ എന്നിവർക്ക് അമിത പ്രതിഫലം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

