നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് പാർട്ടിക്കുണ്ടാക്കിയ തിരിച്ചടികളും ഗ്രൂപ്പ് പോരുകളും സംഘടനാപരമായ പോരായ്മകളും കണക്കിലെടുത്തു നിർണായക തിരുത്തൽ നടപടികളുമായി സംസ്ഥാന നേതൃത്വം രംഗത്ത്. വരാനിരിക്കുന്ന പുനഃഘടനയിലൂടെ വിവാദങ്ങളിൽ ഉൾപ്പെട്ടവരെ ഒഴിവാക്കാനാണ് തീരുമാനം.
ആരെയും പരസ്യമായി പ്രതിക്കൂട്ടിൽ നിർത്താതെ, പതുക്കെ അകറ്റി നിർത്തുന്ന നയമാണ് സംസ്ഥാന പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത്. ഫണ്ട് ക്രമക്കേട് ആരോപണങ്ങളിൽ പെട്ടവരെ പാർട്ടിയുടെ പ്രധാന ചുമതലകളിൽ നിന്നും യോഗങ്ങളിൽ നിന്നും ഒഴിവാക്കിത്തുടങ്ങി.
കഴിഞ്ഞദിവസം ചേർന്ന ഓൺലൈൻ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലേക്ക് ആരോപണവിധേയനായ ഒരു പ്രധാന നേതാവിന് ലിങ്ക് അയച്ചുകൊടുത്തില്ല. ഔദ്യോഗിക ആശയവിനിമയങ്ങൾ നടത്തുന്ന മറ്റൊരു നേതാവും കർശന നിരീക്ഷണത്തിലാണ്.
വരും ദിവസങ്ങളിൽ പ്രശ്നക്കാരായ നേതാക്കളെ പൂർണ്ണമായും മാറ്റിനിർത്തി മുന്നോട്ട് പോകാനാണ് തീരുമാനം. യുവമോർച്ചയുടെ സമരങ്ങളിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമായിരുന്നു.
പിഎസ്സി സമരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ യുവമോർച്ചയുടെ പ്രഭാരി സ്ഥാനത്തുനിന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ മാറ്റി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അനൂപിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ ധാരണയായിരുന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്.
പത്തനംതിട്ടയിലെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ അനൂപിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവിടെ മുഴുവൻ സമയം പ്രവർത്തിക്കേണ്ടതിനാൽ പ്രഭാരി സ്ഥാനം ഒഴിയുന്നതാകും ഉചിതമെന്ന് അഭിപ്രായപ്പെട്ടതും സംസ്ഥാന നേതൃത്വമാണ്.
തുടർന്ന് യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സുധീറിനെ പുതിയ പ്രഭാരിയായി നിയമിച്ചു. സമരരംഗത്തെ പരിചയസമ്പത്തും തിരുവനന്തപുരം സ്വദേശിയെന്ന പരിഗണനയുമാണ് സുധീറിന് തുണയായത്.
അനൂപിനെ മാറ്റിയെങ്കിലും സഹപ്രഭാരിയായി പ്രവർത്തിക്കുന്ന ഒ.നിധീഷിന് മാറ്റങ്ങളൊന്നുമില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും അനൂപും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഈ സംഘടനാ മാറ്റങ്ങൾക്ക് കാര്യമെന്ന പ്രചാരണങ്ങൾ ശക്തമാണെങ്കിലും ഔദ്യോഗിക കേന്ദ്രങ്ങൾ ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

