ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നേതാവ്, പതിറ്റാണ്ടുകള്‍ക്ക് ശേഷം അതേ വിവാദത്തില്‍ പടിയിറങ്ങേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ശക്തമായ ആര്‍എസ്എസ് പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനെന്ന പദവിയും ഉണ്ടായിരുന്നിട്ടും ധര്‍മേന്ദ്ര പ്രധാനിനെ വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിച്ചില്ല.
1996-97 കാലഘട്ടത്തില്‍ ഒഡീഷയിലുണ്ടായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ആ യുവനേതാവിന്റെ പേര് ധര്‍മേന്ദ്ര പ്രധാന് എന്നായിരുന്നു.
അന്ന് പോലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ അദ്ദേഹം, വിദ്യാര്‍ത്ഥി പക്ഷത്ത് ഉറച്ചുനിന്ന് പോരാടിയാണ് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിന്റെ ഉന്നത പദവികളിലേക്ക് എത്തിയത്. തുടര്‍ന്ന് 2021-ലാണ് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
എന്നാല്‍, മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം ധര്‍മേന്ദ്ര പ്രധാനിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നതും മറ്റൊരു ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലാണ്. മികച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിലും ആര്‍എസ്എസ്സിന്റെ വിശ്വസ്തനെന്ന പരിഗണനയുമാണ് നീറ്റ് വിവാദത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിരോധ കവചമൊരുക്കാന്‍ കാരണമായത്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും, ഒഡീഷയിലെ ചരിത്രവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അദ്ദേഹമായിരുന്നു. പാര്‍ട്ടിയുടെ വിശ്വസ്തനായ ഈ നേതാവിനെ സംരക്ഷിക്കാന്‍ നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും രാജ്യത്തെ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ വഴിമാറേണ്ടി വന്നു.
അഴിമതിക്കും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ തെരുവിലിറങ്ങി സമരം ചെയ്ത ധര്‍മേന്ദ്ര പ്രധാന്, വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വിഷയത്തില്‍ പ്രതിക്കൂട്ടിലായി പടിയിറങ്ങുമ്പോള്‍ അത് രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വമായൊരു കാവ്യനീതിയായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

