രാജ്യവ്യാപകമായി ഉയർന്നുവന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സാധാരണ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാത്തവർ പോലും ഈ വിഷയത്തിൽ ഇടപെടുകയും, ജനങ്ങൾ പ്രക്ഷോഭം ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് രൂപപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
അവസാന നിമിഷം വരെ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദില്ലി നിലവിൽ ഒരു യുദ്ധക്കളത്തിന് സമാനമായ സാഹചര്യത്തിലാണെന്നും, പൊലീസിന്റെ അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയുടെ രാജിയുടെ പശ്ചാത്തലത്തിൽ ജന്ദർ മന്ദറിൽ നടന്നുവന്ന സമരം അവസാനിപ്പിക്കാൻ സംയുക്ത സമരസമിതിക്കിടയിൽ ധാരണയായിട്ടുണ്ടെന്ന് എം.എ. ബേബി വ്യക്തമാക്കി.
സമരത്തിലെ കോൺഗ്രസിന്റെ പങ്കിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും, ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധി സമരത്തിൽ പങ്കുചേർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഇതുവരെ ജന്ദർ മന്ദറിലെ സമരവേദി സന്ദർശിച്ചിട്ടില്ലെങ്കിലും, വൈകിയാണെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം പങ്ക് വഹിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമരത്തെ കുറിച്ച് ഇടതുപക്ഷത്തിന് യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നും, കഴിവുള്ളവർക്ക് രാഷ്ട്രീയത്തിൽ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് 72 വയസ്സുള്ള താനും സമരമുഖത്തുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സി.ജെ.പിയുടെ കാര്യത്തിൽ ഓരോ കക്ഷികളും സ്വീകരിക്കുന്ന നിലപാടുകൾ വിലയിരുത്തിയാണ് പിന്തുണ തീരുമാനിക്കുന്നതെന്നും, നാളെ എന്തായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എം.എ.
ബേബി വ്യക്തമാക്കി. കൂടാതെ, ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വേണ്ടി ഗൺമാൻമാർ നടത്തിയ ‘രക്ഷാപ്രവർത്തന’വും ജന്ദർ മന്ദറിലെ പ്രക്ഷോഭവും തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ജന്ദർ മന്ദറിൽ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച യഥാർത്ഥ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘പാറ്റകൾ’ പരാമർശം നടത്തിയ സുപ്രീം കോടതിയും വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തിക്കുന്നതിൽ നിർണ്ണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

