പ്രശസ്തമായ മൂന്ന് ‘എഫ്’ പരാമർശത്തിന് പിന്നാലെ പുതിയ നിർദേശവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ നികുതിദായകർക്കുള്ള സേവനങ്ങളും വ്യവസായ സൗഹൃദ അന്തരീക്ഷവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആദായ നികുതി വകുപ്പ് 5 ‘ആർ’ (R) തത്വം നടപ്പിലാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
തിരിച്ചറിയുക (റെകഗ്നൈസ്), പ്രതികരിക്കുക (റെസ്പോൻഡ്), പരിഹരിക്കുക (റിഡ്രസ്), സ്വയം ആലോചിക്കുക (റിഫ്ലക്ട്), നവീകരിക്കുക (റിഫോം) എന്നിവയാണ് മന്ത്രി മുന്നോട്ടുവെച്ച 5 ‘ആർ’ നിർദേശങ്ങൾ. “ഓരോ നികുതി ദായകരുടെയും പ്രശ്നങ്ങൾ കേൾക്കണം.
പരാതികൾ കൃത്യസമയത്ത് പരിഗണിക്കപ്പെടണം. ഇതിനോട് സഹാനുഭൂതിയോടെ പ്രതികരിക്കണം.
എല്ലാ ഘട്ടത്തിലും അർത്ഥവത്തായ ആശയ വിനിമയം നടക്കണം. ഇത്തരം പരാതികൾ കൃത്യസമയത്ത് പരിഹരിച്ചുവെന്ന് ഉറപ്പാക്കണം.
പരാതികൾ അടിക്കടി ഉയരാനുള്ള കാരണം കണ്ടെത്തണം. സർക്കാർ സംവിധാനങ്ങളിലെ പിഴവുകൾ കണ്ടെത്താനുള്ള അവസരമാക്കി ഇതിനെ മാറ്റണം.
സമാന പരാതികൾ വീണ്ടും ഉണ്ടാകാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തണം. മനുഷ്യ സഹജമായി ഉണ്ടാകുന്ന തെറ്റുകൾ നികുതി ദായകർക്ക് തിരുത്താൻ അവസരം നൽകണം.
മനപ്പൂർവം തെറ്റു ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരികയും വേണം” എന്ന് അവർ വ്യക്തമാക്കി. സത്യസന്ധരായ നികുതിദായകർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക സ്ഥാനം വഹിക്കുന്നവരാണെന്നും അവരെ ശത്രുക്കളായി കാണരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമാനമായ രീതിയിലുള്ള നിർദേശങ്ങൾ നിർമല സീതാരാമൻ മുമ്പും മുന്നോട്ടുവെച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ജനങ്ങളോട് 3 ‘എഫ്’ ആഹ്വാനം മന്ത്രി നടത്തിയിരുന്നു.
വളം (ഫെർട്ടിലൈസർ), ഇന്ധനം (ഫ്യുവൽ), വിദേശനാണ്യം (ഫോറക്സ്) എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണമെന്നായിരുന്നു അന്നത്തെ നിർദേശം. ഹോർമുസ് കടലിടുക്ക് അടഞ്ഞതുമൂലം രൂപപ്പെട്ട
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കഴിഞ്ഞ മെയ് മാസത്തിൽ മന്ത്രി ഈ പ്രസ്താവന നടത്തിയയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

