പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മേഖലയിൽ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളത്തിൽ വലിയ കുറവുള്ളതായി റിപ്പോർട്ട്.
കേരളത്തിന് അർഹതപ്പെട്ട ജലം ലഭിക്കാത്ത സാഹചര്യത്തിലും, സർക്കാർപതി ജലവൈദ്യുതി നിലയത്തിലേക്ക് എത്തേണ്ട
ജലം തമിഴ്നാട് തിരുമൂർത്തി അണക്കെട്ടിലേക്ക് തിരിച്ചുവിടുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി സർക്കാർപതിയിൽ വൈദ്യുതി ഉൽപാദനവും പൂർണ്ണമായി നിലച്ച അവസ്ഥയിലാണ്.
വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിച്ച ശേഷം ആളിയാർ അണക്കെട്ടിലേക്ക് ഒഴുക്കേണ്ട വെള്ളമാണ് കോണ്ടൂർ കനാൽ വഴി തമിഴ്നാട് തിരുമൂർത്തി അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നത്.
ഈ മാസം 22 വരെ മണക്കടവ് വിയർ വഴി കേരളത്തിനു ലഭിക്കേണ്ടിയിരുന്നത് 571 ദശലക്ഷം ഘനയടി വെള്ളമാണ്. എന്നാൽ ഇതിൽ 266 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
മൊത്തം 1050 അടി സംഭരണ ശേഷിയുള്ള ആളിയാർ അണക്കെട്ടിൽ ഇന്നലത്തെ കണക്കുപ്രകാരം 986.95 അടി വെള്ളം മാത്രമാണ് നിലവിലുള്ളത്. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സുമേഷ് അച്യുതൻ എംഎൽഎ വ്യക്തമാക്കിയത് ഇങ്ങനെയാണ്: “മഴക്കുറവിന്റെ പ്രശ്നമുണ്ടെങ്കിലും സംസ്ഥാനത്തിന് അർഹതപ്പെട്ട
വെള്ളം ഉറപ്പാക്കാൻ മുഖ്യമന്ത്രി തലത്തിൽ ഇടപെടൽ ഉണ്ടാകും. 2023–24 വർഷത്തെക്കാൾ കുറവു വെള്ളമാണ് അണക്കെട്ടുകളിൽ ഉള്ളത്.
എന്നാൽ അതിനെക്കാൾ വെള്ളം നേടിയെടുത്തിട്ടുണ്ട്. 25 വർഷത്തിനിടെ ഏറ്റവും കുറവു മഴ ലഭിച്ച വർഷമാണിത്.
പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി തലത്തിൽ ഇടപെടൽ നടത്തി അർഹമായ വെള്ളം നേടിയെടുക്കും. പ്രദേശത്തിന്റെ ജലസുരക്ഷ ഉറപ്പാക്കും.” എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് മുൻ മന്ത്രി കെ.കൃഷ്ണൻകുട്ടി കുറ്റപ്പെടുത്തി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കൃഷിക്ക് ജലസേചന സൗകര്യം ഉറപ്പാക്കാൻ സംസ്ഥാനത്തിനു വെള്ളം ലഭിക്കണം. മുൻകാലങ്ങളിൽ മഴക്കുറവു നേരിട്ട
സമയത്തു സംസ്ഥാന സർക്കാർ ഇടപെട്ടാണ് വെള്ളം ഉറപ്പാക്കിയത്. എന്നാൽ ഈ സർക്കാരിന്റെ ഭാഗത്തു നിന്ന് അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല.
മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം സംസ്ഥാനത്തിനു ലഭിക്കേണ്ട വെള്ളത്തിൽ കണക്കാക്കേണ്ടതില്ല.
അല്ലാതെ തന്നെ നൽകാനുള്ള വെള്ളം അണക്കെട്ടുകളിലുണ്ട്. യഥാസമയത്തുള്ള സർക്കാർ ഇടപെടലിലെ വീഴ്ചയാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

