കൊച്ചി സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിതിരിവ്.
എക്സാലോജിക് കമ്പനി തങ്ങൾക്ക് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പുറത്താണ് പണം കൈമാറിയതെന്നും വ്യക്തമാക്കി സിഎംആർഎൽ എംഡി ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മൊഴി നൽകി. 2024 ഏപ്രിൽ 24 ന് ഇ.ഡിക്കു മുന്നിൽ നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കർത്തയുടെ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം നിലച്ച അവസ്ഥയിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. അതേസമയം, സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളെക്കുറിച്ച് തനിക്ക് നേരിട്ട് അറിവില്ലെന്ന നിലപാടാണ് കഴിഞ്ഞ മാസം ഇ.ഡിക്ക് മുമ്പിൽ ഹാജരായപ്പോൾ വീണ സ്വീകരിച്ചത്.
2017–21 കാലയളവിൽ ഇരു സ്ഥാപനങ്ങളും തമ്മിൽ നടന്ന 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീ ഇടപാടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞിരുന്നില്ല.
എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ എന്തിനാണ് പണം നിക്ഷേപിച്ചതെന്ന കാര്യത്തിലും വ്യക്തത വരുത്താൻ സാധിച്ചില്ല. ആ കാലയളവിൽ കമ്പനിയുടെ നിത്യേനയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജീവനക്കാർക്ക് മാത്രമെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം ഉണ്ടാകൂ എന്ന മറുപടിയാണ് വീണ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്.
കൂടാതെ, സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ ‘എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ്’ വഴി അനുവദിച്ച 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചും ഇ.ഡി വീണയോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

