സംസ്ഥാന പൊലീസ് സേനയുടെ കെ–9 ഡോഗ് സ്ക്വാഡിലേക്ക് സ്വകാര്യ വ്യക്തി സൗജന്യമായി കൈമാറിയ ശ്വാനൻമാരിൽ ഒന്ന് കോട്ടയം ജില്ലാ പൊലീസ് സേനയുടെ ഭാഗമാകും. കൊല്ലം അഞ്ചൽ സ്വദേശിയായ ജെഫീന റാഫേൽ ആണ് രണ്ട് മാസം പ്രായമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട
അഞ്ച് നായ്ക്കുട്ടികളെ പൊലീസ് സേനയ്ക്കായി സൗജന്യമായി നൽകിയത്. കോട്ടയം, ഇടുക്കി, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലാ പൊലീസ് കെ–9 സ്ക്വാഡിലെ എക്സ്പ്ലോസീവ് വിഭാഗത്തിലേക്കാണ് ഈ നായ്ക്കുട്ടികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തിട്ടുള്ളത്.
ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവയെ തൃശൂരിലെ പൊലീസ് അക്കാദമി ഡോഗ് ട്രെയ്നിങ് സെന്ററിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ചു. ഇവിടെ ഏഴ് ദിവസത്തെ ക്വാറന്റീന് വിധേയമാക്കിയ ശേഷമാകും ഒമ്പത് മാസം നീളുന്ന കഠിനമായ പരിശീലനം ആരംഭിക്കുക.
പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് ഇവയെ അതത് ജില്ലകളിലേക്ക് കൈമാറുന്നതാണ്. ഈ ശ്വാനൻമാരെ ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആഭ്യന്തരവകുപ്പിന്റെ പ്രത്യേക സിലക്ഷൻ ബോർഡ് യോഗം ചേർന്നിരുന്നു.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ, വെറ്ററിനറി സർജൻ, പരിശീലനം നൽകുന്ന ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സമിതി നായ്ക്കുട്ടികളുടെ ആരോഗ്യ സ്ഥിതിയും മറ്റ് കാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് സേനയിലേക്ക് സ്വീകരിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് നിരീക്ഷിക്കുന്നതിനാണ് ഇവയെ ആദ്യം ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുൻകാലങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സൈന്യത്തിന്റെയും കീഴിലുള്ള ഡോഗ് ബ്രീഡിങ് സെന്ററുകളിൽ നിന്നായിരുന്നു നായ്ക്കുട്ടികളെ പൊലീസ് പണം നൽകി വാങ്ങിയിരുന്നത്. എന്നാൽ, നിലവിൽ ഇത്തരത്തിൽ സൗജന്യമായി നായ്ക്കുട്ടികളെ പൊലീസ് സേനയിലേക്ക് കൈമാറാൻ താൽപ്പര്യമുള്ളവർ ആംഡ് പൊലീസ് വിഭാഗം എഡിജിപിക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
പൊലീസിന്റെ പ്രത്യേക ബോർഡ് ചേർന്ന് വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമാണ് ഇത്തരം കൈമാറ്റങ്ങൾക്ക് അനുമതി നൽകുന്നത്. അടുത്തിടെ കോട്ടയം ജില്ലയിൽ എക്സ്പ്ലോസീവ് വിഭാഗത്തിൽ നിന്ന് ഒന്നും ട്രാക്കർ വിഭാഗത്തിൽ നിന്ന് രണ്ടും നായ്ക്കൾ സേവനത്തിൽ നിന്ന് വിരമിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

