നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും, ഡ്യൂട്ടിയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെയും സ്വന്തം ജില്ലകളിലേക്ക് തിരികെ നിയമനം ലഭിച്ചിട്ടില്ല.
ഈ ദുരവസ്ഥ തുറന്നുകാട്ടിക്കൊണ്ട് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഒരു പാരഡി ഗാനമാണ് ഇപ്പോൾ സേനയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഈ ഗാനം ചിട്ടപ്പെടുത്തിയത് ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി അന്യജില്ലകളിൽ നിയോഗിക്കപ്പെട്ടവർക്ക് ഇതുവരെയും യാതൊരുവിധ ഇളവുകളും ലഭിച്ചിട്ടില്ലെന്ന വ്യാപക പരാതി നിലനിൽക്കുന്നതിനിടയാണ് പുതിയ ഗാനം പുറത്തുവന്നിരിക്കുന്നത്. ‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ’ എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്.
ഗാനത്തിലെ വരികൾ ഇങ്ങനെയാണ്: ‘’കരുണാമയനേ, ഓർഡർ തരണേ, അടിയനൊരടി ഇനി വയ്യാ! ഇടവം, മിഥുനം, കർക്കിടമിങ്ങനെ വയസാകുന്നു പൊന്നേ മാനേ…കരുണാമയനേ, ഓർഡർ തരണേ!
ട്രാൻസ്ഫർ ഓർഡർ തരണേ!” കുടുംബത്തോടൊപ്പം കഴിയാനാകാത്തതിന്റെയും സേവനത്തിനിടയിൽ നേരിടുന്ന മാനസിക സംഘർഷങ്ങളുടെയും നേർക്കാഴ്ചയാണ് ഈ പാട്ട് പങ്കുവെക്കുന്നത്. ഗാനത്തിലെ മറ്റ് ശ്രദ്ധേയമായ വരികൾ താഴെ പറയുന്നവയാണ്: ‘മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ?, അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? ഭാര്യ സുഖമെന്നറിയണ്ടേ സാർ? ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ? മക്കൾക്കൊക്കെ മീശ കിളിർത്തെന്നു വന്നു, അയ്യയ്യോ അത് കാണാൻ കൊതിയായി!
മുടിനാരുകളിൽ നരകൾ കലർന്നു. പത്താം ക്ലാസ്സ് പഠിച്ചൊരു പിള്ളേർ, പ്ലസ് ടു ആകാൻ കാലമടുത്തു’.
ഒരേ ജില്ലയിൽ മൂന്ന് വർഷത്തിലധികം സേവനം അനുഷ്ഠിച്ചു എന്ന കാരണത്താൽ തിരഞ്ഞെടുപ്പ് വേളയിൽ അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ പഴയ സ്റ്റേഷനുകളിലേക്ക് തിരികെ നിയമിക്കുന്ന നടപടികൾ അനന്തമായി നീളുകയാണ്. ഈ വിഷയത്തിൽ പോലീസ് സേനയ്ക്കുള്ളിൽ തന്നെ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്.
മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായാൽ ഉടൻ തന്നെ ഉദ്യോഗസ്ഥരെ പഴയ ജില്ലകളിലേക്ക് തിരികെ നിയമിക്കുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നടപടികളും ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

