തിങ്കളാഴ്ച ആരംഭിക്കുന്ന മഴക്കാല സമ്മേളനത്തില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ (എഫ്സിആര്‍എ) പാസാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരവധി ആളുകളില്‍ നിന്നും സംഘടനകളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ഉയരുന്ന പ്രധാനപ്പെട്ട
സംശയങ്ങളും ഉത്തരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എന്താണ് FCRA? ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? ഇന്ത്യയിലെ വ്യക്തികളും സംഘടനകളും വിദേശത്തുനിന്ന് പണമോ, സാമ്പത്തിക സഹായങ്ങളോ, വസ്തുക്കളോ സ്വീകരിക്കുന്നതിനെ നിയന്ത്രിക്കുന്ന കേന്ദ്ര നിയമമാണ് FCRA.
ഇത് സന്നദ്ധ സംഘടനകളെ നിരോധിക്കാനുള്ള നിയമമല്ല; മറിച്ച് വിദേശ ഫണ്ട് കൃത്യമായ വിനിയോഗത്തിന് വിധേയമാക്കാനുള്ള ‘രജിസ്ട്രേഷന് ആന്റ് ഡിസ്ക്ലോഷര്‍’ സംവിധാനമാണ്. പ്രധാന ലക്ഷ്യങ്ങള്‍:
* സുതാര്യത: ഫണ്ടിന്റെ ഉറവിടം, തുക, ഉപയോഗം എന്നിവ കൃത്യമായി വെളിപ്പെടുത്തുക.
* വര്‍ഷം തോറും ഓഡിറ്റ് ചെയ്ത റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുക.
* പരമാധികാര സംരക്ഷണം: രാജ്യത്തിന്റെ സുരക്ഷ, തെരഞ്ഞെടുപ്പുകള്‍, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന വിദേശ സ്വാധീനങ്ങള്‍ തടയുക.
* സന്നദ്ധ സേവനം സുഗമമാക്കല്‍: നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് തടസ്സമില്ലാതെ വിദേശ സഹായം ലഭ്യമാക്കുക.
FCRA വിദേശ സംഭാവനകള്‍ പൂര്‍ണ്ണമായി നിരോധിക്കുന്നുണ്ടോ? ഇല്ല. FCRA ഒരു നിരോധന നിയമമല്ല; മറിച്ച് സുതാര്യത ഉറപ്പാക്കുന്ന ഒരു രജിസ്ട്രേഷന് സംവിധാനമാണ്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 16,200-ഓളം എന്‍.ജി.ഓകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ഏകദേശം ?22,963 കോടി രൂപ വിദേശ സംഭാവനയായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാള്‍വഴികള്‍:
* 1976: ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആദ്യമായി FCRA നിലവില്‍ വന്നു.
* 1984: വിദേശ ഫണ്ട് വാങ്ങുന്ന എന്‍.ജി.ഒകള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി.
* 2010: പഴയ നിയമത്തിന് പകരം കൂടുതല്‍ ശക്തമായ വ്യവസ്ഥകളോടെ FCRA 2010 നിലവില്‍ വന്നു.
(5 വര്‍ഷത്തെ കാലാവധി, ലൈസന്‍സ് റദ്ദാക്കല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി)
FCRA നിയമത്തില്‍ അടുത്ത കാലത്തുണ്ടായ പ്രധാന മാറ്റങ്ങള്‍ ഏവ?
2020 ഭേദഗതി: ഭാരവാഹികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി; വിദേശ ഫണ്ട് എസ്.ബി.ഐ ന്യൂഡല്‍ഹി മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ മാത്രമേ സ്വീകരിക്കാവൂ; അഡ്മിനിസ്ട്രേറ്റീവ് ചെലവുകളുടെ പരിധി 50%-ല്‍ നിന്ന് 20% ആയി കുറച്ചു.
2022 റൂള്‍സ്: വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നികുതിയില്ലാതെ ലഭിക്കുന്ന തുകയുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തി.
2026 പുതിയ ഭേദഗതി ബില്ലും റൂള്‍സും:
* ഡെസിഗ്നേറ്റഡ് അതോറിറ്റി: രജിസ്ട്രേഷന് റദ്ദാക്കപ്പെടുമ്പോള്‍ വിദേശ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ താല്‍ക്കാലികമായി നിയന്ത്രിക്കാന്‍ ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’ രൂപീകരിച്ചു.
* ലഭിക്കുന്ന തുകയുടെ പരമാവധി 20% മാത്രമേ അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ബാക്കി 80% പ്രഖ്യാപിത ലക്ഷ്യത്തിന് തന്നെ വിനിയോഗിക്കണം.
* എല്ലാ വര്‍ഷവും fcraonline.nic പോര്‍ട്ടല്‍ വഴി FC-4 ഫോമില്‍ ഓഡിറ്റ് ചെയ്ത റിട്ടേണുകള്‍ സമര്‍പ്പിക്കണം.
* നിയമലംഘനങ്ങള്‍ക്കുള്ള പരമാവധി തടവുശിക്ഷ 5 വര്‍ഷത്തില്‍ നിന്ന് 1 വര്‍ഷമായി കുറച്ചു.
* ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ കുറഞ്ഞത് ?10 ലക്ഷമെങ്കിലും വിദേശ ഫണ്ട് വിനിയോഗിച്ചിരിക്കണം.
* മുന്‍കൂട്ടി വ്യക്തമാക്കിയ ലക്ഷ്യങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും വേണ്ടി മാത്രമേ ഫണ്ട് ഉപയോഗിക്കാവൂ.
* സംസ്ഥാന ഏജൻസികൾ FCRA അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
2026-ലെ ഭേദഗതി വഴി എന്‍.ജി.ഒകളുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമോ? ലൈസന്‍സ് റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സംഘടനകളുടെ വിദേശ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ സ്വത്തുക്കള്‍ താല്‍ക്കാലികമായി സംരക്ഷിക്കാന്‍ മാത്രമാണ് ഡെസിഗ്നേറ്റഡ് അതോറിറ്റിയെ ചുമതലപ്പെടുത്തുന്നത്. ഡെസിഗ്നേറ്റഡ് അതോറിറ്റിയുടെ ഉത്തരവുകള്‍ക്കെതിരെ 90 ദിവസത്തിനകം പുനഃപരിശോധനയ്ക്കും ഡിസ്ട്രിക്റ്റ് ജഡ്ജ് കോടതിയില്‍ അപ്പീലിനും അവസരമുണ്ട്.
വിദേശ സംഭാവനകള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം? താഴെ പറയുന്ന മേഖലകളിലെ സന്നദ്ധ സേവനങ്ങള്‍ക്കായി വിദേശ ഫണ്ട് വിനിയോഗിക്കാം:
* വിദ്യാഭ്യാസം: സ്കൂളുകള്‍, കോളേജുകള്‍, സ്കോളര്‍ഷിപ്പുകള്‍, സാക്ഷരതാ പരിപാടികള്‍.
* ആരോഗ്യം: ആശുപത്രികള്‍, ക്ലിനിക്കുകള്‍, മാതൃ-ശിശു സംരക്ഷണം.
* ഗ്രാമീണ വികസനം: ശുചിത്വം, കുടിവെള്ള പദ്ധതികള്‍, ഉപജീവന മാര്‍ഗ്ഗങ്ങള്‍.
* സാമൂഹിക ക്ഷേമം: ഭിന്നശേഷിക്കാര്‍ (Divyang Jan), വയോധികര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവരുടെ ക്ഷേമം.
* പരിസ്ഥിതി സംരക്ഷണം, വനവല്‍ക്കരണം, ശുചിത്വ ഊര്‍ജ്ജം.
* ആരാധനാലയങ്ങളുടെ സംരക്ഷണവും മതബോധനവും.
* ദുരന്തനിവാരണവും പുനരധിവാസവും. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായി വിലക്കുള്ളത് ആര്‍ക്കൊക്കെ? രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് വിദേശ ഫണ്ട് വിലക്കിയിരിക്കുന്നു:
* തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍
* എം.പിമാര്‍, എം.എല്‍.എമാര്‍ (ജനപ്രതിനിധികള്‍)
* ന്യായാധിപന്മാര് (Judges)
* സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ / പൊതുപ്രവര്‍ത്തകര്‍ (Public Servants)
* രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ ഭാരവാഹികളും
* മാധ്യമപ്രവര്‍ത്തകരും പത്ര-മാധ്യമ സ്ഥാപനങ്ങളും
FCRA ഏതെങ്കിലും പ്രത്യേക മതത്തെയോ വിഭാഗത്തെയോ ലക്ഷ്യമിടുന്നുണ്ടോ? ഇല്ല.
ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ സംഘടനകള്‍ക്കും ഒരുപോലെ ബാധകമായ സമഗ്ര നിയമമാണിത്. 2026-ലെ പുതിയ റൂള്‍സ് അനുസരിച്ച് അനുമതിയുള്ള മതപരമായ ആവശ്യങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
വിദേശ ഫണ്ട് ഉപയോഗിച്ച് അനാവശ്യമായ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. ഈ നിബന്ധന എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്.
ആഗോളതലത്തില്‍ മറ്റ് രാജ്യങ്ങളില്‍ സമാനമായ നിയമങ്ങള്‍ ഉണ്ടോ? ഉണ്ട്. ലോകത്തിലെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലെല്ലാം വിദേശ ഇടപെടലുകളും ഫണ്ടുകളും നിരീക്ഷിക്കാന്‍ കര്‍ശന നിയമങ്ങളുണ്ട്:
* അമേരിക്ക (USA): Foreign Agents Registration Act (FARA – 1938)
* ഓസ്ട്രേലിയ: Foreign Influence Transparency Scheme (FITS – 2018)
* ബ്രിട്ടന് (UK): Foreign Influence Registration Scheme (FIRS – 2023/2025)
* കാനഡ: Foreign Influence Transparency and Accountability Act (FITAA – 2024)
വിദേശ ധനസഹായം രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ, അത് സുതാര്യവും നിയമാനുസൃതവുമാണെന്ന് ഉറപ്പുവരുത്തുകയാണ് FCRA നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

