കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകില്ലെന്ന് ആശങ്ക. നിർമ്മാണം പൂർത്തിയാക്കാൻ ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളതെങ്കിലും, ജില്ലയിലെ രണ്ട് റീച്ചുകളുടെയും പണികൾ ഈ കാലാവധിക്കുള്ളിൽ തീരാൻ സാധ്യത കുറവെന്നാണ് നിലവിലെ വിലയിരുത്തൽ.
കൂടാതെ, വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളത് പ്രവൃത്തികളെ കൂടുതൽ മന്ദീഭവിപ്പിച്ചേക്കാം. ഏകദേശം 63 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ട് റീച്ചുകളിലായി നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്.
കാവനാട് മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയുള്ള റീച്ചിൽ കല്ലുതാഴം, കടവൂർ, മേവറം എന്നീ പാലങ്ങളുടെ പണികളാണ് പ്രധാനമായും ഇനി പൂർത്തിയാകാനുള്ളത്. കൊറ്റംകുളങ്ങര–കാവനാട് റീച്ചിലെ പ്രവൃത്തികൾ വളരെ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.
ബൈപാസിൽ കല്ലുംതാഴത്ത് കിഴക്കു ഭാഗം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇന്നലെ ഈ പ്രവൃത്തികൾ പൂർത്തിയാകുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ ഉറപ്പുനൽകിയിരുന്നതെങ്കിലും, ഇത് യാഥാർത്ഥ്യമാകാൻ ഇനിയും പത്തു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് പുതിയ വിലയിരുത്തൽ.
നീണ്ടകര പാലത്തിന്റെ സ്ഥിതിയും സമാനമാണ്; ഇരുവശങ്ങളിലെയും പാലങ്ങളുടെ പണി കഴിഞ്ഞെങ്കിലും അനുബന്ധ റോഡുകളുടെ നിർമ്മാണം തീരാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിൽ വയഡക്ട് നിർമ്മാണത്തിന്റെ ഭാഗമായുള്ള പൈലിങ് ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
പാലത്തിനുള്ള കോൺക്രീറ്റ് ഗർഡറുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പാലങ്ങളുടെ നിർമ്മാണം അടുത്ത 3 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് എൻഎച്ച്എഐ അധികൃതർ അവകാശപ്പെടുന്നത്.
എന്നാൽ പ്രതികൂല കാലാവസ്ഥയും മഴയും തുടർന്നാൽ നിശ്ചിത സമയത്തിനകം പണികൾ തീരുക ബുദ്ധിമുട്ടാകും. നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ മേൽപാത തകർന്ന മൈലക്കാട് തൂണുകളിലുള്ള പാലം നിർമ്മിക്കുന്നതിനുള്ള ചെലവ് കരാർ കമ്പനിയാണ് വഹിക്കുന്നത്.
ഇതിനായി ഏകദേശം 90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള അടിപ്പാതയ്ക്ക് പുറമേ 200 മീറ്റർ നീളത്തിലാണ് ഇവിടെ പുതിയ പാലം നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 5 നാണ് മൈലക്കാട് ദേശീയപാത തകർന്നുവീണത്. എന്നാൽ മേവറം, കടവൂർ എന്നിവിടങ്ങളിലെ തൂണുകളിലെ പാലം നിർമ്മാണത്തിനുള്ള ചെലവ് ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നത്.
ഇത്തിക്കര വളവ് മുതൽ ഇത്തിക്കര പള്ളി വരെയും വലിയൊരു ഭാഗത്തെ നിർമ്മാണങ്ങൾ ബാക്കിയുണ്ട്. ഇത്തിക്കര പാലത്തിന്റെ പണി കഴിഞ്ഞെങ്കിലും ടാറിങ്ങും കിഴക്ക് ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണവും അടക്കം പൂർത്തിയായിട്ടില്ല.
ഒടുവിൽ വലിയ പ്രക്ഷോഭത്തിനൊടുവിൽ അനുവദിച്ച ഇത്തിക്കരയിലെ അടിപ്പാതയുടെ നിർമ്മാണവും പാതിവഴിയിലാണ്. കരുനാഗപ്പള്ളി ടൗണിലെ മേൽപാലത്തിന്റെ കിഴക്കു ഭാഗം പണിതീർന്നുവെങ്കിലും അനുബന്ധ റോഡുകളിൽ മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ചവറ മേഖലയിലും ഓടകളുടെ നിർമ്മാണം പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

