ഹൈദരാബാദ്: മദ്യലഹരിയിൽ തെലങ്കാന സർക്കാരിന്റെ ബസ് തട്ടിയെടുത്തു കടന്നുകളഞ്ഞ യുവാവ് 18 കിലോമീറ്ററോളം നീണ്ട പൊലീസ് വേട്ടയ്ക്കൊടുവിൽ പിടിയിൽ.
യാത്രയ്ക്കിടെ നിയന്ത്രണംവിട്ട ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടങ്ങൾ സൃഷ്ടിച്ചു.
കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊരുട്ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (TGSRTC) ബസുമായാണ് യുവാവ് കടന്നുകളഞ്ഞത്.
മദ്യലഹരിയിലായിരുന്ന ഇയാൾ ബസ് സ്റ്റാർട്ട് ചെയ്ത് മേട്പള്ളി ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ബസ് സ്റ്റാൻഡ് വിട്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ ഉണർന്നു പ്രവർത്തിച്ചു.
ഉടൻതന്നെ ജിപിഎസ് പരിശോധിച്ച അധികൃതർ ബസ് പോകുന്ന ദിശ മനസ്സിലാക്കി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സംഘം വാഹനങ്ങളുമായി ബസിന് പിന്നാലെ പാഞ്ഞു.
അപകടകരമായ രീതിയിൽ അമിതവേഗതയിൽ ബസ് ഓടിച്ച യുവാവ് ഇതിനിടെ മൂന്ന് ബൈക്കുകളിലിടിച്ച് അപകമുണ്ടാക്കി. ബസ് തടയാൻ ശ്രമിച്ച പൊലീസ് വാഹനത്തിന് നേരെയും ബസ് ഇടിച്ചു കയറ്റി.
പലയിടങ്ങളിലും പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താൻ ഇയാൾ തയ്യാറായില്ല. ഒടുവിൽ മേട്പള്ളിക്ക് സമീപം പൊലീസ് റോഡിൽ കൃത്രിമമായി ഗതാഗത തടസ്സം സൃഷ്ടിക്കുകയായിരുന്നു.
ഇത് കണ്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽനിന്ന് മാറി സമീപത്തെ മരത്തിലിടിച്ച് വാഹനം നിലയ്ക്കുകയും ചെയ്തു. ഉടൻതന്നെ ബസിൽ നിന്നും ചാടിയിറങ്ങി ഓടിരക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസും തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

