ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻ രാജ്ന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം.കെ റാംനെ അറസ്റ്റ് ചെയ്തതിലുണ്ടായ ഗുരുതരമായ പോലീസ് വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതിയുടെ നോട്ടീസ്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലൻ ആണ് നോട്ടീസ് ലഭിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ അറസ്റ്റ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദേശം. രണ്ട് ദിവസം മുൻപാണ് കുടകിൽ നിന്നും ക്രൈംബ്രാഞ്ച് എം.കെ റാംനെ അറസ്റ്റ് ചെയ്തത്.
നിതിൻ രാജ്ന്റെ മരണം നടന്ന് നൂറു ദിവസങ്ങൾ പിന്നിട്ട ശേഷമാണ് പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചത്.
എന്നാൽ, പ്രതിയെ കോടതിയിൽ ഹാജരാക്കിയ വേളയിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടായി. പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ അറസ്റ്റിന്റെ കാരണങ്ങൾ (ഗ്രൗണ്ട് ഓഫ് അറസ്റ്റ്) വ്യക്തമാക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതിക്ക് പ്രതിയെ വിട്ടയക്കേണ്ടി വന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ കേസിൽ നേരത്തെയും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പോലീസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
അലംഭാവത്തോടെയാണ് പോലീസ് ഈ കേസ് അന്വേഷിച്ചതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ല.
പ്രതിയെ അറസ്റ്റ് ചെയ്യുകയല്ല, മറിച്ച് പ്രതിക്കൊപ്പം നടക്കുകയാണ് പോലീസ് ചെയ്തതെന്നും, കീഴടങ്ങിയ പ്രതിയെയാണ് അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. കൃത്യവിലോമം വരുത്തിയ ഡിവൈഎസ്പി ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പാവപ്പെട്ട മനുഷ്യരെ ഉപദ്രവിക്കുകയും എന്നാൽ പണക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും, പണമുള്ളവർക്ക് എന്തുമാകാം എന്ന അവസ്ഥയാണെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

