വാഷിങ്ടൺ ഡിസി: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ സുപ്രധാനമായ സമാധാന ആണവ സഹകരണ കരാർ നിലവിൽ വന്നു. യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമാണ് ‘123 എഗ്രിമെൻ്റ്’ എന്നറിയപ്പെടുന്ന ഈ ചരിത്രപരമായ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചത്.
ഈ നീക്കത്തോടൊപ്പം ഒരു പുതിയ ഉഭയകക്ഷി സുരക്ഷാ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി യുഎസ് ഊർജ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കുകയുണ്ടായി. വരും ദിവസങ്ങളിൽ ഈ സുപ്രധാന കരാർ അവലോകനത്തിനായി യുഎസ് കോൺഗ്രസിന് മുമ്പാകെ സമർപ്പിക്കുന്നതാണ്.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ പുരോഗമിച്ചത്. 1954ലെ ആണവോർജ നിയമത്തിൻ്റെ സെക്ഷൻ 123 പ്രകാരം സിവിൽ ആണവ സഹകരണത്തിനായി അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളികളെ വളർത്തിയെടുക്കാൻ ഈ ഉത്തരവ് പ്രത്യേകമായി നിർദ്ദേശം നൽകുന്നുണ്ട്.
അമേരിക്കൻ ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതിയിൽ വൻ വർധനവുണ്ടാക്കാനും, രാജ്യത്ത് ഉയർന്ന ശമ്പളമുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ കരാർ സഹായിക്കും. കൂടാതെ, അമേരിക്കയുടെ ഊർജ സുരക്ഷയും ദേശീയ സുരക്ഷാ താൽപ്പര്യങ്ങളും കൂടുതൽ ശക്തമാക്കാനും, ആഗോളതലത്തിലുള്ള ആണവ നിർവ്യാപന മാനദണ്ഡങ്ങൾ ഊട്ടിയുറപ്പിക്കാനും, അതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും പുതിയ ധാരണകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വരും പതിറ്റാണ്ടുകളിൽ കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപ സാധ്യതകളുള്ള ഒരു ശക്തമായ പങ്കാളിത്തത്തിനാണ് ഈ കരാറുകൾ നിയമപരമായ അടിത്തറ പാകിയിരിക്കുന്നത്. ആണവ നിർവ്യാപനം ഉൾപ്പെടെയുള്ള സുപ്രധാനമായ സാമ്പത്തിക, തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് ഇരുപക്ഷത്തെയും സഹായിക്കും.
സൗദി അറേബ്യയുടെ ഭാവി ആണവോർജ പദ്ധതികളിൽ അമേരിക്കൻ കമ്പനികൾക്ക് വലിയ തോതിലുള്ള അവസരങ്ങൾ തുറന്നുനൽകാൻ ഈ പുതിയ കരാറിലൂടെ സാധിക്കും. ഇത് അമേരിക്കൻ വ്യവസായ മേഖലയ്ക്കും അവിടുത്തെ തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം സൗദിയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ സുരക്ഷിതമായി നിറവേറ്റാൻ ഈ സഹകരണം ഏറെ സഹായകരമാകും. ആണവ സുരക്ഷ, സംരക്ഷണം, കർശനമായ നിർവ്യാപനം എന്നിവയിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതിലൂടെ അമേരിക്കയുടെയും മൊത്തത്തിലുള്ള മിഡിൽ ഈസ്റ്റ് മേഖലയുടെയും സുരക്ഷ കൂടുതൽ ദൃഢമാക്കാൻ ഈ കരാറുകൾ വഴിയൊരുക്കും.
സിവിൽ ആണവ സാങ്കേതികവിദ്യാരംഗത്ത് അമേരിക്കയുടെ മുൻകൈയും മേൽക്കൈയും നിലനിർത്താൻ ഈ തീരുമാനം ഏറെ നിർണായകമാണ്. അമേരിക്കയും സൗദിയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, ഇരു രാജ്യങ്ങളിലും സാമ്പത്തിക സമൃദ്ധി കൊണ്ടുവരാനും, തങ്ങളുടെ സഖ്യകക്ഷികൾക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കാനുമുള്ള പൊതുവായ പ്രതിബദ്ധതയാണ് ഈ കരാറുകൾ വ്യക്തമാക്കുന്നതെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

