കൊല്ലം ജില്ലയിലെ ഇരവിപുരത്ത് നിന്ന് അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് പരാതി. ഇരവിപുരം സ്വദേശിയായ യുവതിയെയും, 12 വയസ്സുള്ള ആൺകുട്ടിയെയും, മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്.
സംഭവത്തിൽ ഭർതൃവീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനായി പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് പുറപ്പെട്ടത്.
എന്നാൽ വൈകുന്നേരമായിട്ടും ഇവർ തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയിട്ടുണ്ട്. വാഹനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും തുടർവിവരങ്ങൾ ലഭ്യമല്ല.
ഇവർ തമിഴ്നാട്ടിൽ തന്നെ ഉണ്ടാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെയും കുട്ടികളെയും കണ്ടെത്തനായുള്ള തീവ്രശ്രമത്തിലാണ് പൊലീസ് സംഘം.
യുവതി ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ചെയ്തു വന്നിരുന്നത്. വിദേശത്തായിരുന്ന ഭർത്താവ് വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടിലെത്തിയിട്ടുണ്ട്.
യുവതിക്ക് സഹോദരനുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

