കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, ഡോ.
എം.കെ. റാമിന്റെ അറസ്റ്റിന് അനുമതി തേടിയുള്ള പൊലീസിന്റെ അപേക്ഷ തലശ്ശേരി എസ്.സി, എസ്.ടി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.
കോടതിയിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണ സംഘം പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളിൽ വന്ന സാങ്കേതിക വീഴ്ചകളെത്തുടർന്ന് കോടതി അദ്ദേഹത്തെ വിട്ടയച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വീണ്ടും അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം നിലവിൽ കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ ഇനി തുടർന്നുള്ള നടപടികൾ ഉണ്ടാവുക. ഡോ.
എം.കെ. റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.
കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജ്, അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം ഔപചാരികതകൾ പൂർത്തിയായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ റിമാൻഡ് നടപടികൾ പരിഗണിക്കാവൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ നേരത്തെ വിട്ടയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

