സംസ്ഥാനത്തെ പിടികുലുക്കിയ അനധികൃത അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. കാസർഗോഡ് സ്വദേശിയായ ഇടനിലക്കാരൻ മുഹമ്മദ് നജീബ് കല്ലട്രയുടെ നേതൃത്വത്തിലുള്ള സംഘം അനധികൃത വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി വ്യാജ രേഖകൾ ചമച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർണായക തീരുമാനം.
നിയമപരമായി അനുമതി നിഷേധിക്കപ്പെട്ട കേസുകളിൽ പോലും അവയവം മാറ്റിവയ്ക്കൽ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് എസ്ഐടി രൂപീകരിച്ച് അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചത്. വിദേശങ്ങളിൽ നിന്ന് രോഗികളെ എത്തിച്ച് പാവപ്പെട്ടവരെ കെണിയിൽപ്പെടുത്തി അവയവ കൈമാറ്റം നടന്നു എന്ന ഗുരുതരമായ ആരോപണവും എസ്ഐടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘‘മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വിദേശ രോഗികളെ നാട്ടിലെത്തിക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ച് അവയവ ദാതാക്കളാക്കി മാറ്റുകയും ചെയ്യുന്ന റാക്കറ്റുകളാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു’’, എന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. വ്യാജ തിരിച്ചറിയൽ രേഖകൾ, ഹവാല-ക്രിപ്റ്റോകറൻസി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ, വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തം എന്നിവ ഉൾപ്പെടെ ദേശീയ-രാജ്യാന്തര ബന്ധമുള്ള സംഘടിത കുറ്റകൃത്യ ശൃംഖലയെക്കുറിച്ച് വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
കുന്നത്തുനാട്, വടക്കേക്കര, അമ്പലമേട് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നടത്തിയ റെയ്ഡുകൾക്ക് ശേഷമാണ് ഈ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. ഇതിനു ശേഷം രണ്ട് ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് അനധികൃതമായി അവയവ മാറ്റിവെക്കൽ നടത്താനായി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്ന വൻ സംഘത്തെ തുടർ അന്വേഷണത്തിൽ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ പള്ളിക്കര കേന്ദ്രീകരിച്ചായിരുന്നു വ്യാജരേഖാ നിർമാണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നജീബ് കല്ലട്ര ഏകദേശം 35 ഓളം പേർക്ക് വ്യാജ അവയവമാറ്റ രേഖകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. നിയമാനുസൃതമായ അനുമതി മറികടക്കാൻ എംപിമാർ, എംഎൽഎമാർ എന്നിവരുടെ വ്യാജ ലെറ്റർഹെഡുകൾ, വ്യാജ വില്ലേജ് സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, എസ്എസ്എൽസി ബുക്കുകൾ എന്നിവ സംഘം ഉപയോഗിച്ചു.
ഓരോ അവയവ മാറ്റത്തിന്റെ പിന്നിലും വൻ തട്ടിപ്പാണ് നടക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഓരോ വൃക്ക മാറ്റിവെക്കലിനും സ്വീകർത്താക്കളിൽ നിന്ന് ഏകദേശം 15 ലക്ഷം രൂപ വീതം ഈടാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇതിൽ 10 ലക്ഷം രൂപ ദാതാവിന് നൽകുകയും ബാക്കി 5 ലക്ഷം രൂപ ഇടനിലക്കാർ കൈവശപ്പെടുത്തുകയും ചെയ്തു. വടക്കേക്കര സ്വദേശിയായ ഒരു സ്ത്രീയെ കാസർഗോഡ് സ്വദേശിയായ രോഗിക്ക് 10 ലക്ഷം രൂപയ്ക്ക് വൃക്ക നൽകാൻ പ്രധാന ഇടനിലക്കാരൻ പ്രേരിപ്പിച്ച കേസും ഇപ്പോഴത്തെ ഉത്തരവിന്റെ ഭാഗമാണ്.
സൈബർ സെൽ, ഇക്കണോമിക് ഒഫൻസ് വിങ്, സ്റ്റേറ്റ് ഇന്റലിജൻസ്, ആന്റി ഹ്യൂമൻ ട്രഫിക്കിങ് യൂണിറ്റ് എന്നിവയിലെ ഉദ്യോഗസ്ഥരും ഈ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

