പല നിക്ഷേപകരും ഓഹരി വിപണിയിൽ ബുദ്ധിമുട്ടുന്നത് അവർക്ക് റിസ്ക് ഇഷ്ടപ്പെടാത്തതുകൊണ്ടല്ല. മറിച്ച് തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിനാലാണ്.
വിപണിമൂല്യം അഥവാ മാർക്കറ്റ് ക്യാപ് അടിസ്ഥാനത്തിലുള്ള ആസ്തി വിഹിതം നിശ്ചയിക്കൽ തന്നെ ഇതിനൊരു ഉദാഹരണമാണ്. അതായത് ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ എത്ര ശതമാനം വീതം നിക്ഷേപിക്കണം എന്ന തീരുമാനം എപ്പോഴുമൊരു വെല്ലുവിളിയാണ്.
ഇത് ലളിതമായ കാര്യമാണെന്ന് ഉപരിപ്ലവമായി തോന്നാമെങ്കിലും പ്രായോഗികതലത്തിൽ ഏറെ സങ്കീർണ്ണമാണ്. ലാർജ് ക്യാപ് ഓഹരികൾ മികച്ച നേട്ടം തരുമ്പോൾ അവയിൽ മാത്രം കൂടുതൽ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമാണെന്ന് നിക്ഷേപകർ കണക്കാക്കും.
അതേസമയം മിഡ്, സ്മോൾ ക്യാപ് ഓഹരികൾ കുതിച്ചുയരുമ്പോൾ അവസരം നഷ്ടപ്പെടുമോ എന്ന ഭയത്താൽ അവയിലെ നിക്ഷേപം വർധിപ്പിക്കാൻ ധൃതികൂട്ടുകയും ചെയ്യും. ട്രെൻഡ് അവസാനിക്കുമ്പോൾ ഈ തീരുമാനങ്ങളെല്ലാം പാളുകയും ചെയ്യും.
സാധാരണക്കാരായ നിക്ഷേപകർ ഇത്തരം തന്ത്രപരമായ തീരുമാനങ്ങൾ എടുത്തു കഴിയുമ്പോഴേക്കും വിപണിയിലെ ആ ട്രെൻഡ് അവസാനിച്ചിട്ടുണ്ടാകും. നല്ലൊരു നിക്ഷേപ മിശ്രിതം ലക്ഷ്യമിട്ട് തുടങ്ങി ഒടുവിൽ പ്രകടനത്തെ മാത്രം അന്ധമായി പിന്തുടരുന്ന അവസ്ഥയിലേക്ക് ഇത് വഴിമാറുന്നു.
‘മാർക്കറ്റ് ക്യാപ് ട്രാപ്പ്’ എന്നാണ് ഈ പ്രതിഭാസത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ലാർജ് ക്യാപ് കമ്പനികൾക്ക് ഉയർന്ന ലിക്വിഡിറ്റിയും മികച്ച ബിസിനസ് മോഡലുകളും മൂലധനം സമാഹരിക്കാനുള്ള വലിയ ശേഷിയുമുണ്ടാകും.
മറുവശത്ത്, മിഡ് ക്യാപ് കമ്പനികൾ മികച്ച വളർച്ചാസാധ്യതകൾ ഉള്ളവയാണ്. സ്മോൾ ക്യാപ് ഓഹരിയാകട്ടെ പ്രാരംഭഘട്ട
വളർച്ചാ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിൽ ലിക്വിഡിറ്റി പ്രശ്നങ്ങളും ഉയർന്ന വിപണി ചാഞ്ചാട്ടങ്ങളും വലിയ വെല്ലുവിളിയാണ്.
ഇവയുടെ കയറ്റിറക്കങ്ങൾ കൃത്യമായും തുടർച്ചയായി വിലയിരുത്തുക എന്നത് സാധാരണക്കാർക്ക് ഏറെ പ്രയാസകരമാണ്. ഈ പ്രതിസന്ധികൾക്കെല്ലാം ഫലപ്രദമായ പരിഹാരമായാണ് ഫ്ലെക്സി ക്യാപ് നിക്ഷേപരീതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഒരു ഫ്ലെക്സി ക്യാപ് ഫണ്ടിന് ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിലുടനീളം നിക്ഷേപം വ്യാപിപ്പിക്കാൻ സാധിക്കും. മുഴുവൻ വിപണിയിലെയും സാധ്യതകൾ സമഗ്രമായി വിലയിരുത്തി അനുയോജ്യമായ തീരുമാനം കൈക്കൊള്ളാൻ കഴിവുള്ള ഒരു ഫണ്ട് മാനേജറുടെ സേവനം ഇതിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
റീട്ടെയിൽ നിക്ഷേപകർ പലപ്പോഴും സമീപകാല പ്രകടനങ്ങളെ മാത്രം അടിസ്ഥാനമാക്കിയാകും ആസ്തി വിഹിതം തീരുമാനിക്കുന്നത്. മിഡ് ക്യാപ് കുതിപ്പിനു ശേഷമാകും അത്തരം ഫണ്ടുകളിൽ പണം നിക്ഷേപിക്കുക; അതുപോലെ ചെറുകിട
ഓഹരികൾ മുന്നേറിയ ശേഷം സ്മോൾ ക്യാപ് നിക്ഷേപം വർധിപ്പിക്കും. ഇത്തരത്തിലുള്ള വൈകിയെത്തുന്ന തീരുമാനങ്ങൾ ദീർഘകാല വരുമാനത്തെ പ്രതികൂലമായി ബാധിക്കും.
എന്നാൽ ഫ്ലെക്സി ക്യാപ് ഫണ്ടുകൾ ഇത്തരം പിഴവുകളെ ഒരു പരിധി വരെ കുറയ്ക്കുന്നു. വിവിധ വിഭാഗങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് വ്യത്യസ്ത വിപണി മേഖലകളിലെ പങ്കാളിത്തം ഒരൊറ്റ ഫണ്ടിലൂടെ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും.
ഇത്തരം വിഭാഗത്തിൽപ്പെടുന്ന ഫണ്ടുകൾക്ക് മികച്ച ഉദാഹരണമാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ഫ്ലക്സി ക്യാപ് ഫണ്ട്. 2026 ഏപ്രിൽ 30 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഒരു വർഷത്തിൽ 7.85% ഉം, മൂന്ന് വർഷത്തിൽ 17.49% ഉം ആണ് ഈ ഫണ്ട് നൽകിയിട്ടുള്ള നേട്ടം.
2021 ജൂലൈയിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ 14.12% നിരക്കിലാണ് (സിഎജിആർ) ഈ ഫണ്ട് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. (ലേഖകൻ ബിജു മാത്യൂസ്, എംഡി, ബിജു ക്യാപിറ്റൽ സർവീസസ്) (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

