രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാൻ, ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ മധ്യസ്ഥത വഹിച്ചതിന് പകരമായി യുഎസിനോട് വൻ തുക സഹായം അഭ്യർത്ഥിച്ചു. ഏകദേശം 9650 കോടി രൂപ വരുന്ന 1000 കോടി ഡോളറാണ് പാക്കിസ്ഥാൻ യുഎസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഇതിന് അനുകൂലമായി തീരുമാനമെടുത്താൽ അത് പാക്കിസ്ഥാന്റെ നിലവിലെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ ആശ്വാസമാകും. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ പങ്കാളിയായതിന് പാക്കിസ്ഥാൻ പ്രത്യുപകാരം ചോദിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി യുഎസിലെത്തിയ പാക്ക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് അദ്ദേഹം ഔദ്യോഗികമായി പണം ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര നാണയ നിധിയുടെയും (IMF) മറ്റ് രാജ്യങ്ങളുടെയും സഹായത്തോടെയാണ് പാക്കിസ്ഥാൻ നിലവിൽ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനിടയിൽ ക്രൂഡോയിൽ വില വർധിച്ചതും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിച്ചു.
ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് അഞ്ചു വർഷത്തേക്ക് ‘എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ പദ്ധതി’ നടപ്പിലാക്കാൻ 1000 കോടി ഡോളർ അനുവദിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ഈ പദ്ധതിയിലൂടെ പാക് രൂപയുടെ മൂല്യത്തകർച്ച തടയാനും മറ്റ് രാജ്യങ്ങളെ സാമ്പത്തിക സഹായത്തിനായി ആശ്രയിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യങ്ങളുടെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി യുഎസ് ട്രഷറി വകുപ്പ് വളരെ അപൂർവ്വമായി മാത്രം നടപ്പിലാക്കുന്ന ഒന്നാണിത്. 2025-ൽ അർജന്റീനയ്ക്കും 2022-ൽ യുറഗ്വായ്ക്കും സമാനമായ രീതിയിൽ സഹായം ലഭിച്ചിരുന്നു.
നേരത്തെ 2023-ൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഐഎംഎഫ് പാക്കിസ്ഥാന് 300 കോടി ഡോളർ അനുവദിക്കുകയും പിന്നീട് അത് 700 കോടി ഡോളറായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും നേരിടാൻ 130 കോടി ഡോളറും നൽകിയിരുന്നുവെങ്കിലും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പൂർണ്ണമായും മെച്ചപ്പെട്ടിട്ടില്ല.
അടുത്തിടെ സൗദി അറേബ്യ നൽകിയ 300 കോടി ഡോളർ ഉപയോഗിച്ചാണ് യുഎഇയുടെ 350 കോടി ഡോളർ വായ്പ പാക്കിസ്ഥാൻ തിരിച്ചടച്ചത്. യുഎസിന്റെ ഭാഗത്തുനിന്നും പുതിയ സാമ്പത്തിക സഹായം ലഭിച്ചാൽ അത് പാക്കിസ്ഥാന്റെ സാമ്പത്തിക രംഗത്തിന് വലിയൊരു ഉണർവ്വ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

