വാഹനത്തെ പരിഹസിച്ചെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥികളെ സ്കൂൾ മുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം കുഴുമതിക്കാട് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തിൽ എഴുകോൺ പോച്ചക്കോണം സ്വദേശിയായ വരുൺ (19) എന്നയാളെ പൊലീസ് പിടികൂടി. സ്കൂൾ സമയം കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികളെ, സമീപത്തുണ്ടായിരുന്ന മിനി ബസിലെ ചിലർ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു എന്ന് കുട്ടികളുടെ മൊഴിയിൽ വ്യക്തമാക്കുന്നു.
ചീരങ്കാവ് കിലുക്കം ട്രാവൽ ഹബ് എന്ന സ്ഥാപനത്തിന്റെ ട്രാവലർ മിനി ബസിനെ കുട്ടികൾ കളിയാക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ബസിന് അടുത്തുഎത്തിയപ്പോഴാണ് പ്രതികൾ വിദ്യാർത്ഥികളെ ബലമായി വാഹനത്തിനുള്ളിലേക്ക് വലിച്ചുകയറ്റിയത്.
തുടർന്ന് യാത്രയ്ക്കിടയിൽ ക്രൂരമായി മർദിച്ച ശേഷം കുഴുമതിക്കാട് പമ്പിന് സമീപം കുട്ടികളെ ഇറക്കിവിടുകയായിരുന്നു. പ്രതികൾ സംഭവസ്ഥലത്തുനിന്നും വണ്ടിയുമായി കടന്നുകളയുകയും ചെയ്തു.
ആക്രമണ സമയത്ത് ബസ്സിൽ ആകെ എട്ട് പേർ ഉണ്ടായിരുന്നതായി വിവരമുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമണത്തിനായി ഉപയോഗിച്ച വാഹനം ഇതിനോടകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

