തൃശൂർ ജില്ലയിലെ പീച്ചി ഡാമിന് സമീപത്തുള്ള വിവിധ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനവും ശക്തമായ പ്രകമ്പനവും ഉണ്ടായതായി റിപ്പോർട്ട്. പള്ളിക്കുന്ന്, ജണ്ടമുക്ക്, മനയ്ക്കപ്പാടം, തെക്കേക്കുളം തുടങ്ങിയ മേഖലകളിലെ കൂടുതൽ വീടുകളിലാണ് പുതിയ വിള്ളലുകൾ കണ്ടെത്തിയിട്ടുള്ളത്.
തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ശേഷമാണ് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ചലനത്തോടൊപ്പം വലിയ ശബ്ദവും കേട്ടതായി പ്രദേശവാസികൾ വ്യക്തമാക്കി.
പള്ളിക്കുന്നിൽ 10 വീടുകളിലും, ജണ്ടമുക്കിൽ ഒരിടത്തും, മനയ്ക്കപ്പാടത്ത് 2 വീടുകളുടെ ചുമരുകളിലുമാണ് പ്രധാനമായും വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. പലയിടങ്ങളിലും പുതിയതായി വിള്ളലുകൾ ഉണ്ടായതിന് പുറമെ മുൻപുണ്ടായിരുന്നവ വലുതാവുകയും ചെയ്തിട്ടുണ്ട്.
മങ്കമത്തിൽ ശശി, തലക്കോട്ടൂർ ലോനക്കുട്ടി, കാട്ടിപ്പറമ്പിൽ സൈമൺ, കാഞ്ഞിരത്തിങ്കൽ ഷാജി, തെക്കേക്കര തങ്കായി കുര്യൻ, വേലംകുടി ശാന്ത, ചിറയത്ത് ഡേവിഡ്, മേക്കര സുഭാഷ്, തടത്തിൽ രാജൻ, തെക്കേക്കുളത്തിൽ ലക്ഷ്മി, ചിറ്റിലപ്പിള്ളി ലോനപ്പൻ, മനയ്ക്കപ്പാടം കല്ലിങ്കൽ നാരായണൻ നായർ, തെക്കേക്കര എബി തുടങ്ങിയവരുടെ വീടുകളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. പല വീടുകളിലെയും ചുമരുകളിൽ പത്തടിയോളം നീളത്തിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
ദുരിതം ബാധിച്ചവരോട് നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു.
അന്നത്തെ സംഭവത്തിൽ ജണ്ടമുക്ക് തെക്കേക്കര വീട്ടിൽ ജിനേഷിന്റെ കുഴൽക്കിണറിൽ ചെളിവെള്ളം നിറയുന്ന സാഹചര്യവും ഉണ്ടായി. ഒരാഴ്ചയ്ക്കിടെ ആവർത്തിച്ചുള്ള ഭൂചലനങ്ങൾ നാട്ടുകാരിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കാട്ടാനകളുടെ നിരന്തരമായ ആക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. രാത്രികാലങ്ങളിൽ വന്യമൃഗങ്ങളെ ഭയന്ന് കഴിയുന്നതിനിടയിലാണ് ഇപ്പോൾ ഭൂചലനങ്ങളും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.
പള്ളിക്കുന്നിലും തെക്കേക്കുളത്തും ഡാമിന്റെ ക്യാച്ച്മെന്റ് പ്രദേശത്ത് പട്ടയമില്ലാത്ത ഭൂമിയിലാണ് കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നത്. സംഭവസ്ഥലത്ത് ജനപ്രതിനിധികളും റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തൃശൂർ തഹസിൽദാർ കെ.വി.സനൽകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നേരിട്ടെത്തി വീടുകൾ പരിശോധിച്ച് കണക്കുകൾ ശേഖരിച്ചു. പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് ഇന്ന് തന്നെ ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും സമർപ്പിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
ഡപ്യൂട്ടി തഹസിൽദാർമാരായ സി.എൻ സിമി, വി.എ.സിൽവി, വില്ലേജ് ഓഫിസർ അനിൽ എ.പൗലോസ്, സ്പെഷൽ വില്ലേജ് ഓഫിസർ ബാലമുരളി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ഇതിനുപുറമെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ, സ്ഥിരസമിതി അധ്യക്ഷരായ ജോളി ജോർജ്, വിനോദ് തേനംപറമ്പിൽ, സീന വർഗീസ്, പൊതുപ്രവർത്തകരായ ഷാജി കോടങ്കണ്ടത്ത്, ഇ.എം.വർഗീസ്, പി.എം.ഷാജി, പഞ്ചായത്ത് സെക്രട്ടറി ടി.എൻ.ബിന്ദു എന്നിവരും പ്രദേശവാസികളെ നേരിൽ കണ്ടു.
സൂപ്രണ്ടിങ് എൻജിനീയർ എസ്.വിനോദ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം പീച്ചി ഡാമിലും പരിശോധനകൾ നടത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

