കോട്ടയം ജില്ലയിലെ രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പാലാ നഗരസഭയിലെ വിപ്പ് ലംഘന സംഭവത്തിൽ നിയമനടപടികൾ കർശനമാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യതകൾ പൂർണ്ണമായി പരിശോധിച്ച്, വിപ്പ് ലംഘിച്ച കൗൺസിലർമാരെ അയോഗ്യരാക്കുന്നതിനുള്ള ഔദ്യോഗിക നടപടികളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം.
പാർട്ടി നിർദ്ദേശം പരസ്യമായി ലംഘിച്ചത് അതീവ ഗൗരവതരമായ അച്ചടക്ക ലംഘനമായാണ് നേതൃത്വം വിലയിരുത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബിജു മാത്യൂസ്, ലിസി കുട്ടി മാത്യൂസ്, രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇതിനോടകം പുറത്താക്കിയിട്ടുണ്ട്.
ആകെ 26 കൗൺസിലർമാരാണ് പാലാ നഗരസഭയിലുള്ളത്. ഇതിൽ പ്രതിപക്ഷ നിരയിലുള്ളത് 12 പേർ മാത്രമാണ്.
എന്നാൽ, കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷ അംഗങ്ങൾക്ക് പുറമെ ഭരണപക്ഷത്തുനിന്നുള്ള 5 അംഗങ്ങളും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കോൺഗ്രസ് കൗൺസിലർമാരായ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ലിസി കുട്ടി മാത്യൂസ് എന്നിവരും, നിലവിലെ വൈസ് ചെയർപേഴ്സണായ സ്വതന്ത്ര അംഗം രാഹുൽ എന്നിവരുമാണ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്.
പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ആകെ 17 വോട്ടുകൾ ലഭിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ യാതൊരു കാരണവശാലും പങ്കെടുക്കരുതെന്ന് ഡിസിസി പ്രസിഡന്റ് കോൺഗ്രസ് കൗൺസിലർമാർക്ക് കർശന നിർദ്ദേശം (വിപ്പ്) നൽകിയിരുന്നു.
എന്നാൽ ഈ ഉത്തരവ് പൂർണ്ണമായും തള്ളിക്കളഞ്ഞാണ് നാല് കോൺഗ്രസ് അംഗങ്ങൾ യോഗത്തിനെത്തിയത്. അതേസമയം, തങ്ങൾക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഈ കൗൺസിലർമാരുടെ പക്ഷം.
പാലാ നഗരസഭയിലെ ഈ നാടകീയ നീക്കങ്ങൾക്കൊടുവിൽ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രനേട്ടത്തിന് ഉടമയായ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് വിമത കോൺഗ്രസ് അംഗങ്ങളുടെ പരസ്യ പിന്തുണയും ലഭിക്കുകയായിരുന്നു.
ചർച്ചയിൽ പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് മുഖവിലയ്ക്കെടുക്കാതെയാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യത്തിന്റെ അന്തിമ വിധി പൂർണ്ണമായും അംഗീകരിക്കുന്നു എന്നാണ് ചെയർപേഴ്സൺ സ്ഥാനത്തുനിന്നും പുറത്തായ ദിയ ബിനു പുളിക്കകണ്ടം ഇതിനോടകം പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

