കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് മഹാരാഷ്ട്രയിലെ നാസികിൽ ഗൃഹനാഥൻ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജൽഗാവോൺ സ്വദേശിയായ കിരൺ ഏക്നാഥ് ഹസാരെ ആണ് 43 വയസ്സുകാരിയായ ഭാര്യ അശ്വിനി, 7 വയസ്സുകാരനായ മകൻ സുയാഷ് എന്നിവരെ കൊലപ്പെടുത്തിയത്.
ആശുപത്രികളിലേക്ക് ആവശ്യമായ സോളർ ഉപകരണങ്ങളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും വിപണനവുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരികയായിരുന്നു പ്രതി.
എന്നാൽ കച്ചവടത്തിലെ നഷ്ടവും കടുത്ത സാമ്പത്തിക പ്രശ്നങ്ങളും കാരണം കഴിഞ്ഞ രണ്ട് മാസമായി ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്.
അടുക്കളയിലെ വെജിറ്റബിൾ ചോപ്പർ ഉപയോഗിച്ച് ഹസാരെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെയും മകന്റെയും തലയിലും കഴുത്തിലും ആഴത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാൾ സ്വന്തം കൈഞരമ്പ് മുറിക്കുകയും വിഷം കഴിക്കുകയും ചെയ്തു.
ഉച്ചയായിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ അയൽവാസികൾ ജനലിലൂടെ നോക്കിയപ്പോഴാണ് മൂവരും രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ അശ്വിനിയും മകൻ സുയാഷും മരണപ്പെട്ട നിലയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഹസാരെയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്.
പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

