ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാക്കളെ മോചിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖരെയാണ് രാത്രിയോടെ വിട്ടയച്ചത്.
ഛത്രസാൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, അഖിലേഷ് യാദവ് എന്നിവരെയും, മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിയെയുമാണ് രാത്രി ഒമ്പതരയോടെ മോചിപ്പിച്ചത്. നേതാക്കളെ പാർപ്പിച്ചിരുന്ന സ്റ്റേഷനുകൾക്ക് മുന്നിൽ വൻതോതിൽ പ്രവർത്തകർ തടിച്ചുകൂടുകയും വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തതോടെയാണ് പൊലീസ് വിട്ടയക്കാൻ തീരുമാനിച്ചത്.
കസ്റ്റഡിയിലുള്ളവരെ കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനും ദില്ലി പൊലീസിനുമെതിരെ ശക്തമായ വിമർശനവുമായി രംഗത്തു വന്നു.
ബലപ്രയോഗത്തിനിടെ തന്റെ വസ്ത്രം പോലും പൊലീസ് വലിച്ചുകീറിയെന്ന് അവർ ആരോപിച്ചു. ശാന്തമായ രീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും, എന്നാൽ ജനപ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും ശബ്ദം അടിച്ചമർത്താനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
പാർലമെന്റിനകത്തും പുറത്തും വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി. അതേസമയം, പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്.
വിദ്യാർത്ഥികൾക്കെതിരായ ലാത്തിചാർജിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മിന്നൽ പ്രതിഷേധത്തിനിടയാണ് അക്രമങ്ങളുണ്ടായത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും മറ്റ് എം പിമാരെയും പൊലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

