ബെംഗളൂരു കെആർ പുരത്ത് മൂന്നംഗ കുടുംബം കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിനും മൃതദേഹങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായം തേടിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ കെന്നത്ത് ആണ് എഐ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്ത് കൃത്യം പ്ലാൻ ചെയ്തത്.
ജൂൺ 22നാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തുവരുന്നത്. കെആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സീഗെബള്ളിയിലുള്ള ഒരു അപ്പാർട്ട്മെന്റിലാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി (48), മകൾ സുപ്രിയ (19) എന്നിവരാണ് ശരീരത്തിൽ കുത്തേറ്റു ദാരുണമായി കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ദമ്പതികളുടെ മൂത്തമകളായ ശ്വാത (25), ഇവരുടെ പങ്കാളിയായ കെന്നത്ത് (25) എന്നിവരാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പിടികൂടുകയായിരുന്നു.
ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പ്രതിയുടെ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നത്. ഏകദേശം ആറുമാസത്തോളം കാലം പ്രതി കൊലപാതകവുമായി ബന്ധപ്പെട്ട
കാര്യങ്ങൾ എഐയോട് ചോദിച്ചു മനസ്സിലാക്കിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ആളെ എങ്ങനെ കൊലപ്പെടുത്താം, കൊലപ്പെടുത്തിയ ശേഷം മൃതദേഹം എങ്ങനെ സുരക്ഷിതമായി മറവ് ചെയ്യാം തുടങ്ങിയ വിവരങ്ങളാണ് കെന്നത്ത് എഐ വഴി തിരഞ്ഞത്.
നേരിട്ട് സംശയങ്ങൾ ചോദിക്കുന്നതിന് പകരം വളഞ്ഞ വഴികളിലൂടെയാണ് പ്രതി വിവരങ്ങൾ ശേഖരിച്ചത്. ‘‘എന്റെ വീട്ടിലേക്ക് കള്ളന്മാർ എത്തി, അവരെ എങ്ങനെ ആക്രമിക്കും, എന്തൊക്കെ ആയുധങ്ങൾ ഉപയോഗിക്കണം’’ തുടങ്ങിയ വ്യാജ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രതി എഐയോട് ചോദിച്ചതായി പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

