ഡൽഹിയിൽ പാർലമെന്റിലേക്കുള്ള സിജെപി പ്രതിഷേധ പ്രകടനത്തിനിടെ അച്ചടക്കലംഘനം നടത്തിയ വക്താവ് വിജേത ദഹിയയെ പാർട്ടി പുറത്താക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളടക്കമുള്ളവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടക്കുന്നതിനിടെ, വിജേത ദഹിയ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് സിജെപി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, വിജേത ദഹിയയെ പാർട്ടിയിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തതായി അറിയിച്ചു.
പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റമാണ് വക്താവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പാർട്ടി വിലയിരുത്തുന്നു. എന്നാൽ, പാർട്ടിയുടെ നടപടിയെ വിമർശിച്ചുകൊണ്ട് മറ്റൊരു വിഡിയോയുമായി വിജേത ദഹിയ രംഗത്തെത്തി.
“Did you elect me? Why should I go to your protest? Am I accountable to you? Am I here to appease you fools? I was hungry, so I ate a burger. If you want to think nonsense, go ahead.” എന്നിങ്ങനെയാണ് അവർ പ്രതികരിച്ചത്.
താൻ ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇത്തരം രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്നും ദഹിയ വ്യക്തമാക്കി. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു തിങ്കളാഴ്ച സിജെപി പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്.
മാർച്ചിനിടെ പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടപടിയുണ്ടായിരുന്നു. ഇതേ വിഷയത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിലും പ്രതിഷേധങ്ങൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

