ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട കുറ്റാരോപിതർ അമ്മ സംഘടനയുടെ നേതൃനിരയിലേക്ക് കടന്നുവരുന്നത് തടയുമെന്ന് ശ്വേത മേനോൻ പ്രഖ്യാപിച്ചത് ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇതിനു പിന്നാലെ, ആരോപണവിധേയരായ വ്യക്തികൾ ആരൊക്കെയാണെന്ന് പരസ്യമായി വെളിപ്പെടുത്താൻ ശ്വേത മേനോൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി രംഗത്തെത്തിയത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇരുവരും തമ്മിൽ ശക്തമായ വാഗ്വാദങ്ങൾ നടന്നു.
‘കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് മാല പാർവതി ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ’, എന്നായിരുന്നു ശ്വേത മേനോൻ നൽകിയ മറുപടി. ഈ വിമർശനത്തിന് മറുപടിയുമായി മാലാ പാർവതി വിശദമായ കുറിപ്പ് പങ്കുവെച്ചു.
‘ഇതാണ് താങ്കളുടെ കമൻ്റിന് മറുപടി. ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്.
ഞാൻ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല. വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്.
അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു. ഞാൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു FIR രജിസ്റ്റർ ചെയ്യപ്പെട്ടു.
എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല.
അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ FIR റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു.
ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്. പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു.
അതുകൊണ്ട് “ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത്” എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, “Hope you will not delete it” എന്ന് എഴുതിയല്ലോ.
ഞാൻ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്യുന്നത് അവ എനിക്ക് അസൗകര്യമുണ്ടാക്കുന്നതുകൊണ്ടല്ല; അസഭ്യവും അപകീർത്തികരവും നിയമവിരുദ്ധവുമായ ഉള്ളടക്കം മാത്രമാണ് നീക്കം ചെയ്യാറുള്ളത്. വസ്തുതകൾക്കും മാന്യമായ അഭിപ്രായവ്യത്യാസങ്ങൾക്കും എന്റെ പേജിൽ എപ്പോഴും ഇടമുണ്ട്’, എന്ന് മാലാ പാർവതി വ്യക്തമാക്കി.
തുടർന്ന് തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ശ്വേത മേനോൻ വീണ്ടും പ്രതികരിച്ചു. ‘കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് മാല പാർവതി ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ.
എനിക്കറിയാവുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്’, എന്ന് ശ്വേത മേനോൻ കുറിച്ചു. കൂടാതെ, താൻ നൽകിയ മൊഴി അക്കാദമിക് ആവശ്യങ്ങൾക്കായിരുന്നുവെന്ന് സുപ്രീം കോടതിയിൽ മാലാ പാർവതി ബോധിപ്പിച്ചു എന്ന വാർത്താ ലിങ്കും ശ്വേത മേനോൻ പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

