കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഉൽപന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണികളിൽ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാരും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു. ഇതിനായുള്ള നിർദേശങ്ങൾ കമ്പനി സർക്കാരിന് സമർപ്പിച്ചു.
വാൾമാർട്ടിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വരുന്ന ‘വൃദ്ധി’ സ്കീമിന്റെ മാതൃകയിലാണ് ഈ സംരംഭം കേരളത്തിലും ആവിഷ്കരിക്കുന്നത്. ഈ പദ്ധതിയുടെ മുഴുവൻ ചെലവും കമ്പനി തന്നെ വഹിക്കും.
യോഗ്യരായ സംരംഭങ്ങളെ കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ പിന്തുണ നൽകും. ബജറ്റിൽ പ്രഖ്യാപിച്ച വിവിധ മിഷനുകളുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ലഭ്യമാകുന്ന പരിശീലന മേഖലകൾ
ബിസിനസ് ഡിജിറ്റൈസേഷൻ, ഓൺലൈൻ വിപണന സാധ്യതകൾ, പാക്കിങ്, ബ്രാൻഡിങ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ എന്നിവയിൽ സൗജന്യ പരിശീലനം സംരംഭകർക്ക് ലഭ്യമാകും. വിവിധ മേഖലകൾ കേന്ദ്രീകരിച്ചു നടത്തുന്ന പരിശീലനത്തിന് ശേഷം, വിദേശ കയറ്റുമതിക്ക് അനുയോജ്യമായ ഉൽപന്നങ്ങളെ തിരഞ്ഞെടുക്കും.
സാങ്കേതിക പിന്തുണയും വിപണനവും
ആഭ്യന്തര വിപണിയിൽ വിൽക്കേണ്ട ഉൽപന്നങ്ങൾക്ക് ഫ്ലിപ്കാർട്ട് മാർക്കറ്റ് പ്ലേസ് വഴി പിന്തുണ നൽകും.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനും മികച്ച രീതിയിൽ ഡിജിറ്റൽ ചിത്രങ്ങൾ തയ്യാറാക്കുന്നതിനും എഐ (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. രാജ്യാന്തര വിപണിക്ക് അനുയോജ്യമായ ഉൽപന്നങ്ങളെ വാൾമാർട്ട് ശൃംഖലയിലൂടെ വിദേശ വിപണികളിൽ എത്തിക്കുന്നതിനും പദ്ധതി വഴി സൗകര്യമൊരുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

