സംസ്ഥാനത്ത് എഐ ക്യാമറകൾ ഉപയോഗിച്ചുള്ള ഗതാഗത നിയമലംഘന പരിശോധനയും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
പ്രവർത്തനരഹിതമായ ക്യാമറകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അടിയന്തരമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ ആരും മുതിരരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
തൃശൂർ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പ്രതിഷേധങ്ങളും നിരോധിച്ച് പുറപ്പെടുവിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെയും മന്ത്രി പ്രതികരിച്ചു. തേക്കിൻകാട് മൈതാനം പൊതുസ്ഥലമാണെന്നും, അവിടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പൂർണമായി തടയുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. സംഘടനകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ അതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഓർമ്മിപ്പിച്ചു.
ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണ വിതരണത്തിന് താൻ മുൻകൈ എടുത്ത് വീട്ടിൽ നിന്നും ഭക്ഷണം നൽകാറുണ്ടെന്നും, എന്നാൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

