വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം കസ്റ്റംസ് നികുതി ചുമത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വിപണിയിലെ ഓട്ടോ മൊബൈൽ, മദ്യം, പാൽ ഉൽപന്നങ്ങളോട് കാനഡ വിവേചനപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് വൈറ്റ് ഹൗസ് ബുധനാഴ്ച ഈ നികുതി വർദ്ധനവ് പ്രഖ്യാപിച്ചത്.
ഈ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുമെന്നും ആഗോള സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നടപടി പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.
അതേസമയം, ഊർജ്ജ ഉൽപ്പന്നങ്ങൾ, മത്സ്യം, നിർണായക ധാതുക്കൾ, പൊട്ടാഷ് എന്നിവയെ പുതിയ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാനഡയിലെ കാട്ടുതീ മൂലം അമേരിക്കയിലെ വായുനിലവാരം മോശമായ സംഭവത്തിലും കടുത്ത അതൃപ്തിയാണ് ഡൊണാൾഡ് ട്രംപ് പ്രകടിപ്പിച്ചത്.
കാനഡ തങ്ങളുടെ വനമേഖലകൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും ഇത് അമേരിക്കൻ പൗരന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “കാനഡ തങ്ങളുടെ വനമേഖലകളെ വേണ്ട
രീതിയിൽ പരിപാലിക്കുന്നില്ല, ഇത് മൂലം മോശം വായു ശ്വസിക്കേണ്ടി വരുന്നത് അമേരിക്കക്കാരാണ്. ഇത് അംഗീകരിക്കാൻ ആവില്ലെന്നും” ട്രൂത്ത് സോഷ്യലിലെ തന്റെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
കാനഡയുടെ പ്രധാനമന്ത്രി മാക്ക് കാർണിക്കൊപ്പം ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം വീക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

