തിരുവനന്തപുരം: ജില്ലയിലെ ആനാട് പാങ്കോട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര മൈതാനത്തിന് സമീപത്തുള്ള തരിശുഭൂമിയിൽ നിന്നും കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെടുത്തു. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. നൗഫിയയുടെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ്.
കണ്ടെടുത്ത ചെടികളിൽ ഒന്നിന് 155 സെന്റീമീറ്ററിൽ അധികം ഉയരമുണ്ട്. ഇവ നിയമനടപടികളുടെ ഭാഗമായി അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രദേശത്ത് ബോധപൂർവം കഞ്ചാവ് കൃഷി ചെയ്തതല്ലെന്നാണ് പ്രാഥമിക നിഗമനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഉപേക്ഷിച്ച അവശിഷ്ടങ്ങളിൽ നിന്ന് മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം സ്വാഭാവികമായി ചെടികൾ വളർന്നതാണോ എന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
എങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയതായും അധികൃതർ അറിയിച്ചു.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സതീഷ് കുമാർ, പിഒമാരായ മഹേഷ്, നജിമുദ്ദീൻ, സജി, സിഇഒ വിഷ്ണു എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

