അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും പത്നി ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് ജനിച്ചു.
അലക് നീൽ വാൻസ് എന്നാണ് നവജാത ശിശുവിന്റെ നാമകരണം നടത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് സന്തോഷകരമായ ഈ വാർത്ത വാൻസ് ദമ്പതികൾ ഔദ്യോഗികമായി പങ്കുവെച്ചത്.
മേരിലാൻഡിലെ ബെഥെസ്ഡയിൽ സ്ഥിതി ചെയ്യുന്ന വാൾട്ടർ റീഡ് നാഷനൽ മിലിട്ടറി മെഡിക്കൽ സെന്ററിലാണ് കുഞ്ഞിന്റെ ജനനം നടന്നത്. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ജെ.ഡി.
വാൻസ് എക്സിൽ കുറിച്ചതിങ്ങനെ: ‘‘ഉഷയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. കുഞ്ഞനിയനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് മറ്റ് മക്കൾ’’.
കൂടാതെ, മികച്ച വൈദ്യസഹായം ലഭ്യമാക്കിയ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെയും വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിലെയും ഡോക്ടർമാർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 150 വർഷത്തിനിടെ, ഔദ്യോഗിക പദവിയിലിരിക്കെ ഒരു യുഎസ് വൈസ് പ്രസിഡന്റിനു കുഞ്ഞ് ജനിക്കുന്നത് ഇതാദ്യമായാണ്.
ഇവാൻ (2017), വിവേക് (2020), മിരാബെൽ (2021) എന്നിവരാണ് വാൻസ് ദമ്പതികളുടെ മറ്റ് മക്കൾ. യേൽ ലോ സ്കൂളിലെ പഠനകാലത്താണ് ഒഹായോ സ്വദേശിയായ ജെ.ഡി.
വാൻസും ഇന്ത്യൻ വംശജരായ ദമ്പതികളുടെ മകളായ ഉഷയും പരിചയപ്പെടുന്നത്. ഇവർ 2014-ലാണ് വിവാഹിതരായത്.
ഈ വർഷം തുടക്കത്തിൽ മിഷിഗണിൽ നടന്ന ഒരു വൈറ്റ് ഹൗസ് ചടങ്ങിൽ വെച്ച്, നാലാമതൊരു കുഞ്ഞിനെക്കുറിച്ചുള്ള തന്റെ ആഗ്രഹത്തെ ഉഷ വാൻസ് നേരിട്ട രസകരമായ രീതിയെക്കുറിച്ച് ജെ.ഡി.
വാൻസ് അനുസ്മരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘‘എനിക്ക് നാലാമതൊരു കുട്ടി കൂടി വേണമെന്ന് ഞാൻ ഉഷയോട് പറഞ്ഞു.
ഒന്നുകിൽ നിനക്ക് അമേരിക്കയുടെ വൈസ് പ്രസിഡന്റാകാം, അല്ലെങ്കിൽ നാലാമതൊരു കുഞ്ഞ് എന്നായിരുന്നു അവളുടെ മറുപടി. രണ്ടും കൂടി ഒരുമിച്ചു നടക്കില്ലെന്നും പറഞ്ഞു.
എന്നാൽ വിചാരിച്ച കാര്യം സാധിച്ചെടുക്കുന്നതിൽ ഞാൻ മിടുക്കനായതുകൊണ്ട്, ഇന്ന് എനിക്ക് വൈസ് പ്രസിഡന്റ് പദവിയും നാലാമത്തെ കുഞ്ഞും ഉണ്ട്’’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

