ബത്തേരിയിൽ ഹൃദയാഘാതത്തെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി മൺതിട്ടയിലിടിച്ച് നിർത്തിയ സംഭവത്തിൽ, ഡ്രൈവറുടെ ജീവൻ രക്ഷിച്ച് മാതൃകയായി നഴ്സ് ആതിര.
ഈങ്ങാപ്പുഴ സ്വദേശിയായ ഷാജഹാൻ (55) എന്ന ലോറി ഡ്രൈവറാണ് ആതിരയുടെയും ഭർത്താവ് രജിത്തിന്റെയും അടിയന്തര ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. നിലവിൽ ഇദ്ദേഹം ബത്തേരി ഇഖ്റ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്നത് ഇന്നലെ രാവിലെ 9.30-ഓടെയാണ്. കേരള-കർണാടക അതിർത്തിയായ പൊൻകുഴി സീതാ ശ്രീരാമ ക്ഷേത്രത്തിന് മുൻവശത്തുവെച്ചായിരുന്നു അപകടം.
ക്ഷേത്രദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന നായ്ക്കെട്ടി പിലാക്കാവ് സ്വദേശിനിയായ ആതിരയും ഭർത്താവ് രജിത്തും വഴിയരികിൽ മൺതിട്ടയിലിടിച്ചുനിന്ന ലോറി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വാഹനം നിർത്തി പരിശോധിക്കുകയായിരുന്നു. അകത്ത് നെഞ്ചുവേദനയെത്തുടർന്ന് അവശനായി കിടക്കുന്ന ഡ്രൈവറെയാണ് ഇവർ കണ്ടത്.
ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഷാജഹാനെ പുറത്തെത്തിച്ചു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ ആതിര, സമയനഷ്ടം കൂടാതെ അദ്ദേഹത്തെ സ്വന്തം കാറിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
അബോധാവസ്ഥയിലേക്ക് നീങ്ങുകയായിരുന്ന ഷാജഹാന് കാറിനുള്ളിൽ വെച്ചുതന്നെ ആതിര കൃത്യമായി സിപിആർ നൽകാൻ തുടങ്ങി. അതേസമയം, വാഹനമോടിച്ച ഭർത്താവ് രജിത്ത് 20 കിലോമീറ്ററോളം ദൂരം അതിവേഗത്തിലാണ് ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുപോയത്.
യാത്രയ്ക്കിടയിൽ തന്നെ ആതിര താൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നതിനാൽ, അത്യാഹിത വിഭാഗത്തിൽ ആവശ്യമായ സൗകര്യങ്ങൾ മുൻകൂട്ടി സജ്ജമാക്കിയിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും തുടർച്ചയായി നൽകിയ സിപിആറിലൂടെ ഷാജഹാന്റെ ബോധം തെളിഞ്ഞിരുന്നു.
കഴിഞ്ഞ നാല് മാസമായി ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയാണ് ആതിര. “ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്ന്” ആതിര പ്രതികരിച്ചു.
ആതിരയുടെയും രജിത്തിന്റെയും സമയോചിതമായ ഇടപെടലിനെ ആശുപത്രി അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

