ഉത്തർപ്രദേശിലെ ആഗ്ര നഗരത്തിൽ കാണാതായ വളർത്തുതത്തയെ കണ്ടെത്താനായി ഉടമസ്ഥർ നഗരമധ്യത്തിൽ സ്ഥാപിച്ച കൂറ്റൻ ബിൽബോർഡുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സുനിൽ കുമാർ സിംഗ് എന്ന ആദായനികുതി അഭിഭാഷകനാണ് തന്റെ പ്രിയപ്പെട്ട
വളർത്തുപക്ഷിയായ ‘മൗ’വിനെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ ബോഡ്ല ചൗരാഹ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലാണ് തത്തയുടെ ചിത്രത്തോടുകൂടിയ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
മൗ എന്ന തത്തയെ കുടുംബത്തിന് ലഭിക്കുന്നത് 2025 മാർച്ച് 15-നാണ്. മാനസികാരോഗ്യ കേന്ദ്രത്തിന് സമീപം റോഡിൽ വീണു പരിക്കേറ്റ നിലയിലായിരുന്ന പക്ഷിയെ സുനിൽ കുമാറും കുടുംബവും ഏറ്റെടുത്ത് ചികിത്സ നൽകുകയായിരുന്നു.
മാസങ്ങൾ നീണ്ട പരിചരണത്തിനൊടുവിൽ സുഖം പ്രാപിച്ച പക്ഷിയെ കുടുംബം സ്വന്തം വീട്ടിലേയ്ക്ക് കൂട്ടി.
അതിനുശേഷം തത്തയും കുടുംബാംഗങ്ങളും തമ്മിൽ അവിഭാജ്യമായ വൈകാരിക ബന്ധമാണ് ഉടലെടുത്തത്. മൗവിനെ ഒരിക്കൽ പോലും കൂട്ടിൽ അടയ്ക്കാറില്ലെന്ന് ഉടമസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
“മൗ ഒരു വെറും തത്ത മാത്രമായിരുന്നില്ലെന്നും തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നെന്നും” സുനിലിന്റെ ഭാര്യ മംമ്ദാ സിംഗ് വ്യക്തമാക്കി. വീട്ടിലെ അതിഥികളുടെ പേരുകൾ തിരിച്ചറിയാനും കുടുംബാംഗങ്ങളെ വിളിച്ചുണർത്താനും കഴിവുണ്ടായിരുന്ന മൗ, കുടുംബത്തിലെ ഒരു കുട്ടിയെപ്പോലെയാണ് വളർന്നത്.
എന്നാൽ, ജൂലൈ 13-ാം തിയതി വൈകീട്ട് 4:30-ഓടെ സെക്ടർ 4-ലെ അവാസ് വികാസ് കോളനിയിൽ വെച്ചാണ് പക്ഷിയെ കാണാതാകുന്നത്. കുടുംബവും പ്രദേശവാസികളും നടത്തിയ വ്യാപകമായ തിരച്ചിലിൽ ഫലം കാണാത്തതിനെ തുടർന്നാണ് വലിയ തോതിൽ ബിൽബോർഡുകൾ സ്ഥാപിച്ച് നാട്ടുകാരുടെ സഹായം തേടാൻ സുനിൽ കുമാർ തീരുമാനിച്ചത്.
നഗരത്തിൽ ഉയർന്ന ഈ ബിൽബോർഡുകളുടെ ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

