മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ ഇടപാടുകാരനിൽ നിന്ന് അനധികൃതമായി തുക ഈടാക്കിയ ബാങ്കിന് എതിരെ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ കർശന നടപടി. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച 590 രൂപ തിരികെ നൽകുന്നതിനൊപ്പം, നഷ്ടപരിഹാരമായി 10,000 രൂപയും കേസ് ചെലവിലേക്ക് 5,000 രൂപയും നൽകാൻ കമ്മിഷൻ ഉത്തരവിട്ടു.
കാസർകോട് ജില്ലയിലെ സീതാംഗോളി ശാഖാ മാനേജർക്കെതിരെ ബദിയടുക്ക റോഡ് ഷെട്ടി ഗഡ്ഡെ ഹൗസിൽ താമസിക്കുന്ന രാജു സ്റ്റീഫൻ ഡിസൂസ സമർപ്പിച്ച പരാതിയിലാണ് വിധി. 2022-ൽ ആണ് പരാതിക്കാരൻ ബാങ്കിൽ കറന്റ് അക്കൗണ്ട് ആരംഭിച്ചത്.
അക്കൗണ്ട് തുടങ്ങിയ വേളയിൽ ആവശ്യമായ നിക്ഷേപം നടത്തിയിരുന്നെങ്കിലും, എസ്എംഎസ് സേവന നിരക്കെന്ന പേരിൽ 295 രൂപ ബാങ്ക് ഈടാക്കി. ഇതോടെ അക്കൗണ്ടിലെ ബാലൻസ് തുക മിനിമം പരിധിക്ക് താഴെയായെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് പിഴ ചുമത്തുകയായിരുന്നു.
അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് മിനിമം ബാലൻസിനെക്കുറിച്ചുള്ള കൃത്യമായ നിബന്ധനകൾ ഉപഭോക്താവിനെ അറിയിച്ചിരുന്നില്ലെന്നും, പിഴ ഈടാക്കുന്നതിന് മുൻപ് മുൻകൂർ നോട്ടിസ് നൽകിയില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഉപഭോക്താവിന്റെ സമ്മതം ലഭിച്ചതിനും മുൻകൂർ അറിയിപ്പ് നൽകിയതിനും തെളിവ് ഹാജരാക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു.
പിഴ ഒഴിവാക്കുന്നതിനായി ഇടപാടുകാരന് മതിയായ അവസരം നൽകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഉപഭോക്തൃ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും കമ്മിഷൻ വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

