തൃശൂർ അമല ആശുപത്രിയിൽ യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (UNA) നേതൃത്വത്തിൽ നടന്നുവന്ന ഉപരോധ സമരം ഏകദേശം 30 മണിക്കൂറിന് ശേഷം സമാപിച്ചു. ജൂലൈ 16-ന് രാവിലെ 10 മണിയോടെയാണ് അഞ്ഞൂറിലധികം പ്രവർത്തകർ ആശുപത്രിയുടെ പ്രധാന കവാടത്തിലും വരാന്തകളിലുമായി സമരം ആരംഭിച്ചത്.
സമരം അവസാനിച്ചെങ്കിലും മാനേജ്മെന്റും യുഎൻഎ നേതൃത്വവും തമ്മിൽ നിലവിൽ യാതൊരുവിധ ധാരണകളോ ഒത്തുതീർപ്പ് തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സമരക്കാരുമായി പുതിയ വാഗ്ദാനങ്ങളോ കരാറുകളോ ഒപ്പുവെച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സമരത്തെ തുടർന്ന് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും രോഗീപരിചരണ സേവനങ്ങൾക്കും തടസ്സം നേരിട്ടതായി കാട്ടി പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും രോഗികൾക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മാനേജ്മെന്റ് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അടിയന്തര പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച കോടതി, ആവശ്യമായ സഹായം നൽകാൻ ഉത്തരവിട്ടതായും അധികൃതർ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് തൃശൂർ ജില്ലാ കളക്ടർ, ജില്ലാ ലേബർ ഓഫീസർ, പേരാമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ, മറ്റ് ജില്ലാ പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ യുഎൻഎ ഭാരവാഹികളെയും അറിയിച്ചിട്ടുണ്ട്.
വിഷയത്തിൽ ആവശ്യമായ നിയമനടപടികളും കോടതി ഉത്തരവിന്റെ തുടർനടപടികളും ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണെന്നും ആശുപത്രി ഭരണസമിതി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

