പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കേരള പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ രംഗത്ത്. മുഖത്തെ മുറിവുകൾ ചികിത്സിക്കുമ്പോൾ കുട്ടികൾ അനങ്ങാതെ കിടക്കേണ്ടത് അത്യാവശ്യമാണെന്നും, ഇതിനാൽ ശസ്ത്രക്രിയ സുരക്ഷിതമാക്കാൻ ജനറൽ അനസ്തീസിയ നൽകുന്നത് സാധാരണ നടപടിക്രമമാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
മുറിവിന്റെ വ്യാപ്തി പരിശോധിക്കാനും അഴുക്കുകൾ നീക്കം ചെയ്യാനും രക്തസ്രാവം തടഞ്ഞ് കൃത്യതയോടെ തുന്നിച്ചേർക്കാനും ഇത് അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റ് ഡോ.ഏബ്രഹാം തോമസും സെക്രട്ടറി ഡോ.നവീൻ ഐസക് ജോണും പ്രസ്താവനയിൽ അറിയിച്ചു. പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സ നടത്തിയ സംഘം എല്ലാവിധ ചികിത്സാ മാനദണ്ഡങ്ങളും പാലിച്ചതായാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മാതമംഗലം എരമം നടുവിലെക്കുനി സ്വദേശികളായ ടി.സൂരജ് – വിജിഷ ദമ്പതികളുടെ ഏകമകനായ ദേവാൻഷ് ആണ് വീട്ടിൽ കളിക്കുന്നതിനിടെ വീണ് മുഖത്ത് പരുക്കേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന ബന്ധുക്കളുടെ പരാതിയിൽ ഡോ.അഞ്ജലി പൊതുവാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അനസ്തീസിയ നൽകിയതിലെ വീഴ്ചയാണ് കുഞ്ഞിന്റെ നില വഷളായതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുടർനടപടികളും പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ നിർണ്ണായകമാണ്.
കുട്ടിയുടെ ശരീരത്തിൽ ജനറൽ അനസ്തീസിയ നൽകി ശസ്ത്രക്രിയ നടത്തേണ്ടതായ വലിയ മുറിവുകൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, അനസ്തീസിയ നൽകി പത്ത് മിനിറ്റിനുള്ളിൽ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
കേസിന്റെ തുടർനടപടികളുടെ ഭാഗമായി കുട്ടിയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലാബിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആശുപത്രി രേഖകളും പരിശോധിച്ച ശേഷം മെഡിക്കൽ സംഘം തയ്യാറാക്കുന്ന റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

